ഷാജും അജിത് കുമാറും സംസാരിച്ചത് നിരവധി തവണ? പിന്നിൽ ഉന്നത നിർദേശമോ? ദുരൂഹത
ഷാജ് കിരണിന് എന്ത് ഉന്നത ബന്ധം? എല്ലാം വെറും തള്ളല്ലേ, എന്നുള്ള സിപിഎം കേന്ദ്രങ്ങളുടെ പരിഹാസത്തിനിടെയായിരുന്നു നാടകീയമായി വിജിലൻസ് ഡയറക്ടറെ മാറ്റിയത്. മുഖ്യമന്ത്രി തന്നെ ഇന്നലെ രാത്രി ഇടപെട്ടാണ്...
തിരുവനന്തപുരം: വിജിലൻസ് മേധാവിയെ മാറ്റി മുഖം രക്ഷിക്കാനുള്ള സർക്കാറിന്‍റെ നടപടിയും സ്വർണ്ണക്കടത്ത് കേസിലെ ദുരൂഹത കൂട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെ ഷാജ് കിരൺ വഴി അനുനയിപ്പിക്കാൻ ശ്രമിച്ചതിനാണ് സ്ഥലം മാറ്റമെങ്കിലും ഇക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. ഏറെ വിവാദമായ കേസിൽ ഉന്നതരാഷ്ട്രീയ കേന്ദ്രങ്ങളുടെ നിർദ്ദേശമില്ലാതെ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം നിലക്ക് ഇടപെടുമോ എന്നുള്ള സംശയമാണ് ബലപ്പെടുന്നത്.
മുഖ്യമന്ത്രിക്കെതിരായ തുറന്ന് പറച്ചിലിന് പിന്നാലെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും നടക്കുന്ന ഡീലിനെ കുറിച്ചുള്ള സ്വപ്ന പറഞ്ഞതിൽ ഏറ്റവും സുപ്രധാനമായത് രണ്ട് എഡിജിപിമാരുടെ ഇടപെടൽ തന്നെയാണ്. ഷാജ് കിരണിന് എന്ത് ഉന്നത ബന്ധം? എല്ലാം വെറും തള്ളല്ലേ, എന്നുള്ള സിപിഎം കേന്ദ്രങ്ങളുടെ പരിഹാസത്തിനിടെയായിരുന്നു നാടകീയമായി വിജിലൻസ് ഡയറക്ടറെ മാറ്റിയത്. മുഖ്യമന്ത്രി തന്നെ ഇന്നലെ രാത്രി ഇടപെട്ടാണ് പുതിയ തസ്തിക പോലും നൽകാതെ എം ആർ അജിത് കുമാറിനെ മാറ്റുന്നത്. സ്ഥലം മാറ്റ ഉത്തരവിൽ കാരണം പറയുന്നുമില്ല.
Read More: ഷാജിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും, സ്വപ്നയ്ക്ക് എതിരെ പരാതി കൊടുക്കാൻ ഷാജും ഇബ്രാഹിമും
എന്നാൽ ഷാജ് കിരണും അജിത്കുമാറും തമ്മിൽ നിരവധി തവണ സംസാരിച്ചുവെന്ന ഇന്‍റലിജൻസ് കണ്ടെത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അതായത് സ്വന്തം നിലക്ക് അജിത്കുമാർ അമിതാവേശം കാട്ടിയെന്നാണ് പറഞ്ഞാണ് ഉദ്യോഗസ്ഥനെ കൈവിട്ടത്.
ഫോൺ വിളിയിൽ മാത്രമല്ല, സരിത്തിനെ നാടകീയമായി വിജിലൻസ് കസ്റ്റഡിയിലെടുത്തതിലെ തിടുക്കവും മറ്റൊരു കാരണമായി പറയുന്നു. ഉദ്യോഗസ്ഥനെ മാറ്റി വിവാദങ്ങളെ നേരിുമ്പോൾ മുറുകുന്ന കുരുക്കുകളും ഉയരുന്ന സംശയങ്ങളും ഏറെ. സ്വന്തം നിലക്ക് ഷാജ് കിരണുമായി സംസാരിച്ച് സ്വപ്നയെ അനുനയിപ്പിക്കാൻ അജിത്കുമാറിന് എന്ത് വ്യക്തിപരമായ ബാധ്യതയാണ് ഉള്ളത് എന്ന സംശയമാണ് ഉയരുന്നത്. അടുത്തിടെ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്തുനിന്നും സുപ്രധാന തസ്തികയിലേക്കെത്തിയ അജിത് കുമാർ സർക്കാറിൻറെ ഉന്നതകേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശമില്ലാതെ ഇത്ര പ്രമാദമായ കേസിൽ ഇടപെടുമോ? അജിത് കുമാറും ഷാജും തമ്മിലെ ബന്ധമെന്താണ്? ചുരുക്കത്തിൽ അജിത്തിന്‍റെ മാറ്റം വഴി സ്വപ്നയുടെ വെളിപ്പെടുത്തൽ സർക്കാർ തന്നെ സമ്മതിക്കുകയാണോ?
Read More: ഷാജ് കിരണിനെ തൊടാതെ പൊലീസ്; പരാതി നല്‍കാനൊരുങ്ങി ബിലീവേഴ്സ് ചര്‍ച്ച്
''33 തവണ ഈ ഉന്നത ഉദ്യോഗസ്ഥൻ ഷാജ് കിരണുമായി വിളിച്ചിട്ടുണ്ടെന്ന വിവരം കേട്ട്, എനിക്ക് തന്നെ നാണക്കേട് തോന്നുന്നു. ഇതെല്ലാം കേൾക്കുമ്പോൾ കേസിലെ ദുരൂഹത കൂടുകയാണ്'', പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നു.
ഫോൺ വിളിയിൽ അജിത് കുമാറിനെ മാറ്റുമ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഷാജിനെ വിളിച്ചെന്ന് സ്വപ്ന പറഞ്ഞത് സർക്കാർ സമ്മതിക്കുന്നില്ല. ഇല്ലെന്ന് സാഖറെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഷാജിന്‍റെ ഫോണിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്നും കാൾ വന്നതായി സൂചനയുണ്ട്. കാളുകൾക്ക് പിന്നിൽ ആരാണ് എന്നുള്ളതും പുറത്ത് വരേണ്ടതാണ്. അതായത് ഉന്നത കേന്ദ്രങ്ങളുടെ നിർദ്ദേശമനുസരിച്ച് സ്വപ്നയെ വരുതിയിലാക്കാനുള്ള ഓപ്പറേഷൻ പുറത്തായപ്പോൾ ഇടയിൽ നിന്ന ഒരു ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കിയോ എന്നുള്ളതാണ് പ്രധാന സംശയം.