പണി വരുന്നുണ്ട്, എഐക്യാമറയിലെ നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്‍ത്തിച്ചവര്‍ക്ക് ആദ്യം
കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുക.പിഴ ഈടാക്കുന്ന കാര്യത്തില്‍ ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിൽ അന്തിമതീരുമാനമെടുക്കും
തിരുവനന്തപുരം: വിവാദങ്ങള്‍ തുടരുമ്പോഴും, എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
അതിനിടെ എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിട്ടു. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്‌സ് എന്ന കമ്പനിയാണ്. ട്രോയ്‌സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ 33.59 കോടിയും കണ്‍ട്രോള്‍ റൂമിനും സോഫ്ട് വെയറിനും സോഫ്ട് വെയര്‍ ലൈസന്‍സിനുമായി 10.27 കോടിയും ഫീല്‍ഡ് ഇന്‍സ്റ്റലേഷന് 4.93 കോടിയും വാര്‍ഷക മെയിന്റനന്‍സിന് 8.2 കോടിയും ഉള്‍പ്പെടെ 57 കോടി രൂപയുടെ പ്രെപ്പോസലാണ് മറ്റു കമ്പനികള്‍ക്ക് ട്രോയ്‌സ് നല്‍കിയത്.
പഴയ സാങ്കേതിക വിദ്യ പ്രകാരമുള്ള ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിലയാണ് ട്രോയ്‌സ് പ്രെപ്പോസലില്‍ നല്‍കിയിരുന്നത്. അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പ്രസാഡിയോയും അല്‍ഹിന്ദും തമ്മില്‍ തര്‍ക്കമുണ്ടായത്. വില നിശ്ചയിച്ചിരിക്കുന്നതില്‍ സുതാര്യതയില്ലെന്ന് അല്‍ഹിന്ദ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
45 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്നിരിക്കെയാണ് ട്രോയ്‌സ് 57 കോടിയുടെ പ്രെപ്പോസല്‍ നല്‍കിയത്. ക്യാമറയും കണ്‍ട്രോള്‍ റൂമൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ 50 കോടി രൂപയില്‍ തഴെയുള്ള ചെലവില്‍ പൂര്‍ത്തിയാക്കാമെന്നിരിക്കെയാണ് 151 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയത്. കെല്‍ട്രോണില്‍ നിന്നും ലഭിച്ച ടെന്‍ഡര്‍ മറ്റ് കമ്പനികള്‍ക്ക് വീതിച്ച് നല്‍കിയ എസ്.ആര്‍.ഐടി 9 കോടി രൂപയാണ് നോക്കുകൂലിയായി വാങ്ങിയത്. ബാക്കി തുക മറ്റു കമ്പനികള്‍ തമ്മില്‍ വീതം വയ്ക്കാനായിരുന്നു പദ്ധതിയെന്നും സതീശന്‍ ആരോപിച്ചു