വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്‍റെ അമ്മയും അമിത് ഷായെ കാണും; കേന്ദ്ര സഹായം വേണമെന്നാവശ്യം

അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.

Walayar girls mother and Madhu s mother will be seen Amit Shah

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മയും അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും തിരുവനന്തപുരത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നതിനായാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കേസിൽ കേന്ദ്ര സഹായം വേണമെന്നും കേരളത്തിന് പുറത്തുള്ള സിബിഐ സംഘം കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ അമ്മ അമിത് ഷായെ കാണുന്നത്.

തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും ഈ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവിൽ അലയാൻ പാടില്ല. അനുകൂല നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്‍റെ അമ്മയുടെ ആവശ്യം. കേസിലെ സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ അഭ്യർത്ഥന. സാക്ഷികൾ കൂറുമാറുന്ന സാഹചര്യം ഉണ്ടെന്നും അമിത് ഷായെ അറിയിക്കും. സതേൺ സോണൽ കൗൺസിലിന് ശേഷം വൈകീട്ടോടെ അമിത് ഷായെ കാണാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

Also Read: വാളയാർ കേസിൽ ഒന്നും മൂന്നും പ്രതികൾക്ക് ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് പാലക്കാട് പോക്സോ കോടതി

2018 ഫെബ്രുവരി 22 നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ആകെ 122 സാക്ഷികളാണ് മധു കേസിലുളളത്. ഇതില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറി. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു. കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് വിവാദമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios