വിഎസ്എസ്‍സി സ്പേസ് മ്യൂസിയം വീണ്ടും തുറന്നു; പൊതുജനത്തിനും പ്രവേശനം അനുവദിച്ചു
മ്യൂസിയം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് വിഎസ്‍എസ്‍സി പിആർഒ ഓഫീസുമായി ബന്ധപ്പെടാം. 0471 2564292 എന്ന നമ്പറിലോ, ao_pro@vssc.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം.
തിരുവനന്തപുരം: തിരുവനന്തപുരം വിഎസ്എസ്‍സിയിലെ ബഹിരാകാശ മ്യൂസിയം വീണ്ടും തുറന്നു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് അടച്ച ബഹിരാകാശ മ്യൂസിയം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നത്. ഐഎസ്ആർഒ മേധാവി എസ് സോമനാഥ് ആണ് നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിഎസ്‍എസ്‍സി മേധാവി ഡോ എസ് ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മ്യൂസിയം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് വിഎസ്‍എസ്‍സി പിആർഒ ഓഫീസുമായി ബന്ധപ്പെടാം. 0471 2564292 എന്ന നമ്പറിലോ, ao_pro@vssc.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം.
സ്പേസ് മ്യൂസിയത്തിന്റെ ചരിത്രം.
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ബഹിരാകാശ മ്യൂസിയം ആക്കി മാറ്റിയ മഗ്ദലന മറിയം പള്ളിക്കുള്ളത്. തുമ്പയിൽ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനായി പള്ളിയും പരിസര പ്രദേശങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഈ പള്ളിയുടെ അകത്തങ്ങളങ്ങളിലും ചേർന്നുള്ള സമീപത്തുള്ള ബിഷപ്പ് ഹൗസ് അടക്കമുള്ള കെട്ടിടങ്ങളിലുമാണ് ആദ്യ സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപണത്തിനായി തയ്യാറാക്കിയത്. പിന്നീട് വികസന പ്രവർത്തനങ്ങൾ നടത്തുകയും കൂടുതൽ സൗകര്യങ്ങൾ വരികയും ചെയ്തപ്പോൾ പഴയ പള്ളി നവീകരിച്ച് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ലാണ് ഇവിടം മ്യൂസിയമായത്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രം വിവരിക്കുന്ന ചിത്രങ്ങളും, മോഡലുകളും മ്യൂസിയത്തിൽ കാണാം. വിക്ഷേപണ വാഹനങ്ങളുടെ മോഡലുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും കുതിക്കാൻ ഇസ്രൊ
വലിയ പ്രതിസന്ധികാലത്തിന് ശേഷം വീണ്ടും കുതിക്കാൻ തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ഗഗൻയാന്‍റെ രണ്ട് പരീക്ഷണ ദൗത്യങ്ങൾ ഈ വർഷം നടക്കുമെന്നും, ചന്ദ്രയാൻ 3 ഉടൻ സംഭവിക്കുമെന്നും വിഎസ്എസ്‍സി മേധാവി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. എസ്എസ്എൽവി എന്ന പുതിയ വിക്ഷേപണ വാഹനത്തിന്റെ ആദ്യ വിക്ഷേപണവും വൈകാതെ നടക്കും, സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യവും ഈ വർഷം തന്നെ വിക്ഷേപിക്കും. അങ്ങനെ 2022 തിരക്കേറിയ വർഷമായിരിക്കുമെന്നാണ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിന്റെയും വിഎസ്‍എസ്‍സിയുടെയും മേധാവി ഡോ എസ് ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ഈ വർഷം ചെയ്തു തീർക്കാൻ ഒരുപാട് ജോലിയുണ്ട് ഐഎസ്ആർഒയ്ക്ക്. എസ്എസ്എൽവി എന്ന പുതിയ വിക്ഷേപണ വാഹനത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം ഉടനുണ്ടാകും, പിഎസ്എൽവിയുടെ അടുത്ത ദൗത്യവും വൈകില്ല. പിഎസ്എൽവി സി 53 വിക്ഷേപണം അടുത്ത മൂന്ന് മാസത്തിനകം ഉണ്ടാവും. വിക്ഷേപണ തീയതി വൈകാതെ അറിയിക്കും.
അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇവിടെ കാണാം