ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ വി.എസ്.അച്യുതാനന്ദനും, പങ്കെടുത്തത് പുസ്തക പ്രകാശന ചടങ്ങിൽ
2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു
തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ (bharatheeya vichara kendeam)വേദിയിൽ വി.എസ്.അച്യുതാനന്ദനും(vs achuthanandan) എത്തി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു.
ഇതേ പുസ്തകം പല ജില്ലകളിൽ പ്രകാശനം ചെയ്തിരുന്നു. അതിന്‍റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തത് വിവാദമായിരുന്നു. 2013 മാർച്ച് 24ലെ ചിത്രങ്ങൾ ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയെ തുടർന്നായിരുന്നു ഈ ഫോട്ടോ ഷെയർ ചെയ്ത് ആരോപണം ഉന്നയിച്ചത്. ആർ എസ് എസ് ബന്ധമുള്ള ചടങ്ങിൽ പിന്നെ എന്തിനാണ് പങ്കെടുത്തത് എന്നായിരുന്നു ചോദ്യം. ഇതിന് പിന്നാലെ സി പി എം വിവാദം ഏറ്റെടുത്തു. ആർ എസ് എസ് വേദി പങ്കിട്ട വി ജി സതീശൻ നിലപാട് പറയണമെന്ന് സി പി എം നേതാക്കൾ ആവശ്യപ്പെട്ടു. ഈ വിവാദം കനക്കുന്നതിനിടയിലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ വേദിയിൽ പി.പരമേശ്വരന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ വി എസ് അച്യുതാനന്ദൻ പങ്കെടുക്കുന്ന ഫോട്ടോകളും പുറത്ത് വന്നത്.
അതേസമയം വിവാദത്തെ കുറിച്ച് വി ഡി സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സദാനന്ദന്‍ മാസ്റ്ററുടേ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇത് ശ്രീ വി.ഡി. സതീശൻ
നമ്മുടെ പ്രതിപക്ഷ നേതാവ്.....
ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ.... ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കും. അതു കൊണ്ടു മാത്രം.
2013 മാർച്ച് 24ന് തൃശൂർ എലൈറ്റ് ഇൻ്റർനാഷണലിൽ വെച്ചു നടന്ന പ്രൗഢമായ ഒരു ചടങ്ങ്. സംഘാടകർ വൈചാരിക രംഗത്ത് പ്രവർത്തിക്കുന്ന RSS ൻ്റെ അനുബന്ധ പ്രസ്ഥാനമായ പ്രജ്ഞാ പ്രവാഹിൻ്റെ കേരള ഘടകമായ ഭാരതീയ വിചാരകേന്ദ്രം, തൃശൂർ ജില്ലാ കമ്മറ്റി. (അന്ന് ഞാൻ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി എന്ന ചുമതലയിലായിരുന്നു). RSS ൻ്റെ വരിഷ്ഠ പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ ഉജ്വല വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനച്ചടങ്ങായിരുന്നു അത്. വിചാര കേന്ദ്രത്തിൻ്റെ ജില്ലാ സമ്മേളനവും. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളിൽ പ്രഥമഗണനീയൻ അന്ന് MLA മാത്രമായിരുന്ന ശ്രീ വി.ഡി.സതീശനായിരുന്നു. RSS പ്രചാരകനായ ശ്രീ ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദർശി RSS പ്രചാരകൻ ശ്രീ കാ ഭാ സുരേന്ദ്രൻ, സാഹിത്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ശ്രീ ആഷാ മേനോൻ, ഡോ. ലക്ഷ്മീകുമാരി, ഡോ. സുവർണ നാലപ്പാട്ട്, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ. എം.മോഹൻദാസ് തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തൻ്റെ പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തിൽ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശൻ്റെ ആത്മാവിഷ്ക്കാരമായി പുറത്തു വന്ന വാക്കുകൾ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചു!
എന്തുകൊണ്ട് ഇതിപ്പോൾ
എന്ന തോന്നലുണ്ടാകാം. ഇപ്പോഴാണിത് വേണ്ടത്. സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമർശങ്ങളോടാണ്. ശ്രീ ഗുരുജിയുടെ വിചാരധാരയോടാണ്. ഇത്രമേൽ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ മഹാമനീഷി പ്രചരിപ്പിച്ച ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിൻ്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന്? കേസരി വാരികയുടെ ചടങ്ങിൽ ജെ. നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് ശ്രീ KNA ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശൻ മുന്നിലുണ്ടായിരുന്നു. സതീശന് 'വെറുക്കപ്പെട്ട' സംഘടനയായ RSS ഉം വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധ മറിയാമായിരുന്നില്ലേ...? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്?
എന്തിനാണീ ആത്മവഞ്ചന?
നിങ്ങളൊക്കെ എന്നാണ് RSS നെ ശരിയായി മനസ്സിലാക്കുക? അതോ മനസ്സിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടൻ കളിക്കുകയാണോ?
ഏതായാലും സതീശനെതിരെ RSS നോട്ടീസയച്ചിട്ടുണ്ട്. പേടിപ്പിക്കേണ്ടെന്നും നിയമപരമായി നേരിടുമെന്നുമാണ് സതീശൻ്റെ വീരവാദം. ആരെയും പേടിപ്പിക്കുന്ന ശീലം RSS ന് ഇല്ല. എന്നാൽ ചുരുങ്ങിയ മര്യാദ തീർച്ചയായും പ്രതീക്ഷിക്കുന്നു. കോടതിയിൽ സതീശൻ എന്തു പറയുന്നു എന്നു കേൾക്കാൻ കേരളം കാത്തിരിക്കുന്നു.