Rifa Mehnu : റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

 വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയാതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

vlogger rifa mehnu death case pocso case against husband mehnaz

കോഴിക്കോട്: ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ (Vlogger Rifa Mehnu)  ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസ്സ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയം റിഫക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കേസില്‍ മെഹ്നാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയിലാണ്. മെഹ്നാസിനെ ഉടന്‍ പോക്സോ കോടതിയില്‍ ഹാജരാക്കും.

ഇന്ന് പുലര്‍ച്ചെ കാസര്‍കോട് നിന്നാണ് മെഹ്നാസിനെ കോഴിക്കോട് കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് റിഫയുടെ ബന്ധുക്കളേയും പൊലീസ് വിളിച്ചു വരുത്തി. വിവാഹ സമയം റിഫക്ക് പതിനെട്ട് വയസ്സ് തികഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇത് സ്ഥിരീകരിച്ചാണ് പോക്സോ കേസ് ചുമത്തി മെഹ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ലെന്നാണ് റിഫയുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിശദീകരണം. റിഫയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Also Read: റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios