ട്രയൽ റൺ തന്നെ വൻ വിജയത്തിലേക്ക്, കേരളത്തിന്റെ സ്വപ്നം പൂവണിയുന്നു, 24ാമത്തെ കപ്പലും വിഴിഞ്ഞം തുറമുഖത്തെത്തി
ഏറെ കാത്തിരിപ്പുകൾക്കിടയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായത്. ഇപ്പോൾ ട്രയൽ റണ്ണിൽ തന്നെ 24 കൂറ്റൻ കപ്പലുകൾ തുറമുഖത്ത് വിജയകരമായി അടുപ്പിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച ശേഷം വിഴിഞ്ഞത്ത് ഇരുപത്തിനാലാമത്തെ കപ്പലായ എംഎസ്‍സി ലിസ്ബൻ വെള്ളിയാഴ്ച എത്തിയെന്ന് അദ്ദേഹം അറിയിച്ചു. മുന്ദ്ര പോർട്ടിൽ നിന്നാണ് ഈ വലിയ കപ്പൽ എത്തിയത്. 337 മീറ്റർ നീളമുള്ള ഈ കപ്പലിന്റെ വീതി 46 മീറ്ററാണ്. ജലോപരിതത്തിൽ നിന്ന് ഈ കപ്പലിന്റെ ആഴം 13.2 മീറ്ററാണ്. 9200 ടിഇയു കണ്ടെയ്നർ വാഹക ശേഷിയുള്ള കപ്പലാണ് എത്തിയത്.
തുറമുഖത്തെ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കൈമാറ്റം പൂർത്തിയാക്കി അടുത്ത തുറമുഖത്തേക്ക് മടങ്ങും. ട്രയൽ റൺ സമയത്ത് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചിട്ടുണ്ടെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മന്ത്രി കുറിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾ ട്രയൽ സമയത്ത് വിഴിഞ്ഞത്ത് എത്തിയിരുന്നു.