ക്രിസ്മസ് വെക്കേഷനിൽ ബന്ധുവീട്ടിലെത്തി; എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ 3 കുട്ടികൾ മുങ്ങി മരിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. ബന്ധുവിൻ്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു റിയാസ്. സഹോദരി-സഹോദരൻമാരുടെ മക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. റിയാസിന് മാത്രമാണ് നീന്തൽ അറിയാതിരുന്നത്.
കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും എരഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. തെരച്ചിലിൽ ആദ്യം റിയാസിൻ്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാനായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. ബന്ധുവിൻ്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു റിയാസ്. സഹോദരി-സഹോദരൻമാരുടെ മക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. റിയാസിന് മാത്രമാണ് നീന്തൽ അറിയാതിരുന്നത്. പുഴയിൽ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് മൂന്നുപേരും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അലറിക്കരഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി.
നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്നാണ് തെരച്ചിൽ നടത്തിയത്. മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കഴിഞ്ഞ വർഷവും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു. പുഴയിൽ ഒഴുക്ക് കുറവാണെങ്കിലും അടിയിൽ ചുഴിയുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8