വാപ്പയുടെ തോളിൽ നിന്ന് കുരുന്ന് രാഹുലിന്റെ തോളിലേക്ക്, 'ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ'
വാപ്പയുടെ തോളിലിരുന്ന് 'രാഹുൽ ജീ' എന്ന് വിളിച്ച കുഞ്ഞിനെ എടുത്ത് തോളിൽ വച്ചായി പിന്നീടുള്ള രാഹുൽ ഗാന്ധിയുടെ യാത്ര
മലപ്പുറം : ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെത്തിയിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിഗാണ്. യാത്രയ്ക്കിടയിലെ രസകരമായ അനുഭവങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഇന്ന് വി എസ് ശിവകുമാര്‍ അടക്കം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറൽ.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാണാനെത്തിയ യുവാവിന്റെ തോളിലിരുന്ന കുരുന്നാണ് ഇന്നത്തെ താരം. വാപ്പയുടെ തോളിലിരുന്ന് 'രാഹുൽ ജീ' എന്ന് വിളിച്ച കുഞ്ഞിനെ എടുത്ത് തോളിൽ വച്ചായി പിന്നീടുള്ള രാഹുൽ ഗാന്ധിയുടെ യാത്ര. 'രാഹുൽ ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ' എന്ന ക്യാപ്ഷനോടെ വി എസ് ശിവകുമാര്‍ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു. യാത്രയിൽ രാഹുലിനൊപ്പം .യാത്രയിൽ സിനിമാ നടനും കോൺഗ്രസ് പ്രവര്‍ത്തകനുമായ രമേശ് പിഷാരടിയും ഉണ്ടായിരുന്നു.
വി എസ് ശിവകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാപ്പയുടെ തോളിൽ ഇരുന്ന് രാഹുൽജി എന്ന് വിളിച്ചപ്പോൾ രാഹുൽജിയുടെ തോളിൽ ഇരിക്കാമെന്ന് ആ മോൾ വിചാരിച്ച് കാണില്ല .... എന്തൊരു സുന്ദരമാണ് ഈ യാത്ര .... രാഹുൽ ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ ....
ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും ചേർത്ത് പിടിച്ചും
നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ...
അതേസമയം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂരിൽ ബാനർ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ''പോരാട്ടമാണ് ബദൽ പൊറോട്ടയല്ല" എന്നെഴുതിയ ഫ്ലക്സ് ഡിവൈഎഫ്ഐയാണ് യാത്ര കടന്നു പോകുന്ന നിലമ്പൂരിൽ ആദ്യം സ്ഥാപിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി യൂത്ത് ലീഗും ബാനർ വച്ചു. "തീ ഇട്ടത് സംഘികളുടെ ട്രൗസസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ" എന്നായിരുന്നു ഫ്ലക്സിലെ വരികള്‍.
ഡിവൈഎഫ്ഐയുടെ ഫ്ലക്സിന് മുകളിൽ യൂത്ത് കോൺഗ്രസും ഫ്ലക്സ് വച്ചു. കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്ലക്സിൽ ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസിനോടാണ് എന്നാണ് ഈ ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ഡിവൈഎഫ്ഐ കറുത്ത ബാനർ തൂക്കിയിരിന്നു.
പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നായിരുന്നു എഴുതിയത്. ഫേസ്ബുക്കിലാണ് വി ടി ബൽറാം ഇതിന് മറുപടി നൽകിയത്. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്നാണ് ബാനറിന്റെ ഫോട്ടോ പങ്കുവച്ച് ബൽറാമിന്റെ പോസ്റ്റ്. രാഹുലിന്റെ ശ്രദ്ധ തിരിക്കാൻ ഇത്തരം ഞാഞ്ഞൂലുകൾക്ക് കഴിയില്ല എന്നും ബൽറാം പ്രതികരിച്ചിരുന്നു.