Vijay Babu case : വിജയ് ബാബു കേസിൽ ഒത്തുകളിക്കുകയാണോ എന്ന് പൊലീസിനോട് ഹൈക്കോടതി

സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ട്; കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയെന്നും കോടതി

Vijay Babu case Kerala High court slams Police

കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല.  രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ  കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. .

സ്ഥലത്ത് ഇല്ലല്ലോ എന്ന് വിജയ് ബാബുവിനോട് ചോദിച്ച കോടതി, ആൾ സ്ഥലത്ത് ഇല്ലാത്തതിൽ കേസ് മെറിറ്റിൽ കേൾക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബു പറഞ്ഞു. നാളെ വരാൻ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചു. നടൻ നാട്ടിൽ വരുന്നതിനെ എന്തിന് പ്രോസിക്യൂഷൻ എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിന്‍റെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിർബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവിൽ പോയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

വിജയ് ബാബു വിദേശത്ത് തുടർന്നാൽ എന്ത് ചെയ്യാൻ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങൾക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളിൽ താമസിക്കാൻ ഇന്ത്യൻ വിസയോ, പാസ്പോർട്ട് ഒന്നും വേണ്ടെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു.
 

 

Latest Videos
Follow Us:
Download App:
  • android
  • ios