സ്ഥലം തരംമാറ്റാന്‍ 3500 രൂപ കൈക്കൂലി; വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍ 

തൃശൂര്‍: സ്ഥലം തരംമാറ്റാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയിലായി. തൃശൂര്‍ തെക്കുംകര വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവരാണ് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. 

കോണത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരംമാറ്റുന്നതിന് സ്ഥല പരിശോധനയ്ക്കായി ഇക്കഴിഞ്ഞ 13ന് വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവര്‍ എത്തിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ആര്‍ ഡി ഒയ്ക്ക് സമര്‍പ്പിക്കുന്നതിനായി പരാതിക്കാരനോട് 3500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. 

വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ട 3500 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. സേതു കെ.സിയെ അറിയിക്കുകയും തുടര്‍ന്ന് പരാതിക്കാരന്‍ തൃശൂര്‍ വിജിലന്‍സ് ഓഫീസിലെത്തി പരാതി നല്‍കുകയും ചെയ്തു. വിജിലന്‍സ് ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍നിന്നും വില്ലേജ് ഓഫീസര്‍ സാദിഖും ഹരീസും സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം വില്ലേജ് ഓഫീസില്‍വച്ചു കൈയോടെ പിടികൂടുകയായിരുന്നു. 

വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്പി. സേതു കെ സി, ഇന്‍സ്‌പെക്ടര്‍മാരായ സജിത്ത് കുമാര്‍, ജയകുമാര്‍, സുദര്‍ശനന്‍, സി പി ഒ മാരായ വിബീഷ്, സൈജു സോമന്‍, ഗണേഷ്, സുധീഷ്, അരുണ്‍, ലിജോ, രഞ്ജിത്, ഡ്രൈവര്‍ മാരായ രതീഷ് എന്നിവരാണുണ്ടായിരുന്നത്.

20,000 കൈക്കൂലി; വിജിലൻസ് പിടിയിലായ കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെി ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം