സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. 

vigilance case against km shaji

കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.

അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ  കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. 

കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിൻ്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശപ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ, അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു കളയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 

കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിൻ്റെ മൊഴിയെടുത്തത്. 

കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios