തെരുവ് നായ്ക്കൾ പുറകെ, എൽകെജി വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കണ്ണൂരിലെ വീഡിയോ പുറത്ത്
ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.
കണ്ണൂർ : കണ്ണൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സ്കൂൾ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്. നായകൾ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികൾ ശബ്ദം വെച്ചതോടെയാണ് നായകൾ മടങ്ങിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്
തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയിൽ കുട്ടിയെ നായ ഓടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. കുഞ്ഞു നിഹാലിന്‍റെ മരണം പ്രദേശത്തെ കുട്ടികളിൽ വലിയ ഭയമാണ് ഉണ്ടായിരിക്കുന്നത്. പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നത്.
നിഹാൽ നൗഷാദിന്‍റെ ദാരുണ മരണത്തിന് പിറകെ തെരുവുനായ ശല്യത്തിൽ നിന്ന് സംരക്ഷണം തേടി കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് വീട്ടമ്മമാർ ഇന്ന് മാർച്ച് നടത്തി. അക്രമകാരികളായ തെരുവ് നായകളെ തുരത്താനും സ്കൂൾ കുട്ടികൾക്ക് സംരക്ഷണമൊരുക്കാനുമാണ് പ്രദേശത്തെ നാട്ടുകാർ ഇന്ന് തെരുവിലിറങ്ങിയത്. തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മുഴപ്പിലങ്ങാട് കെട്ടിനകം മേഖലയിലെ വീട്ടമ്മമാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. എടക്കാട് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞു. നിഹാലിന്റെ മരണത്തിലുണ്ടായ പ്രതിഷേധാമാണ് മാർച്ചിൽ ഉടനീളം പ്രതിഫലിച്ചത്. നിഹാലിന്‍റെ ദാരുണ മരണം നടന്നതിന് പിന്നാലെ പ്രദേശത്ത് ഇന്നലെ 7 തെരുവ് നായകളെ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിരുന്നു.