സിദ്ധാര്‍ത്ഥന്‍റെ മരണം; കോളേജ് ഡീനും അസി വാര്‍ഡനും വിശദീകരണം നല്‍കി, നിര്‍ണായക തീരുമാനം ഇന്നുണ്ടാകും

സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി

Veterinary student sidharth death case; The college dean and assistant warden gave an explanation and the final decision will be taken today

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നല്‍കി. ഇരുവര്‍ക്കും സംഭവത്തിൽ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരും മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം.

അതേസമയം, ഇരുവരുടെയും മറുപടി തൃപ്തികരമല്ലെന്നാണ് വിവരം. വിശദീകരണം ലഭിച്ചെങ്കിലും സംഭവത്തില്‍ ഇരുവരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വിശദീകരണം നല്‍കിയെങ്കിലും ഇരുവര്‍ക്കുമെതിരെ നടപടിയ്ക്കാണ് സാധ്യത. ഇന്ന് തന്നെ ഇരുവരെയും സ്ഥാനത്തുനിന്ന് നീക്കികൊണ്ട് വിസി ഉത്തരവിറക്കിയേക്കും. ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസില്‍ വിസി ഇരുവരോടും ചോദിച്ചിരുന്നത്.

ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് ഇന്ന് രാവിലെ പത്തരവരെ സമയം നീട്ടി നൽകുകയായിരുന്നു. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടിയുണ്ടാകുക. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios