സിദ്ധാര്‍ത്ഥന്‍റെ മരണം; വിശദീകരണം തള്ളി, ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടി, ഇരുവരെയും സസ്പെന്‍ഡ് ചെയ്തു

ഇവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല

Veterinary student sidharth death case, action against college Dean and Asst. warden, both were suspended by vc

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു. ഇവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഗവര്‍ണര്‍ വൈസ് ചാന്‍സിലറെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പി.സി ശശീന്ദ്രനെ പുതിയ വിസിയായി നിയമിച്ചത്. വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍റെ കൂടി ചുമതലയുള്ള ഡീനിനും അസി. വാര്‍ഡനുമെതിരെ നടപടിയെടുക്കാത്തതില്‍ വലിയ രീതിയിലുള്ള വിമര്‍ശനമുണ്ടായിരുന്നു.

ഇരുവര്‍ക്കും സംഭവത്തിൽ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരും മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. എന്നാല്‍, ഇരുവരുടെയും മറുപടി തൃപ്കികരമല്ലെന്നാണ് ഉത്തരവില്‍ വിസി വ്യക്തമാക്കിയിട്ടുള്ളത്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സുതാര്യമായ അന്വേഷണത്തിന് ഇരുവം തല്‍സ്ഥാനത്ത് തുടരുന്നത് തടസമാകുമെന്നും ഉത്തരവിലുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസില്‍ വിസി ഇരുവരോടും ചോദിച്ചിരുന്നത്. ഇതിന് ഇരുവരും തൃപ്തികരമായ മറുപടിയല്ല നല്‍കിയിരുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് ഇന്ന് രാവിലെ പത്തരവരെ സമയം നീട്ടി നൽകുകയായിരുന്നു. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ഡീൻ വാർഡൻ കൂടിയാണെങ്കിലും വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നായിരുന്നു ഡീൻ എംകെ നാരായണൻ നേരത്തെ പ്രതികരിച്ചിരുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ഡീൻ വ്യക്തമാക്കിയിരുന്നത്. സര്‍വകലാശാലയിലെ ഹോസ്റ്റലിൽ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഡീൻ പറഞ്ഞു. സെക്യൂരിറ്റി പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഫെബ്രു 18 നാണ് സിദ്ധാര്‍ത്ഥൻ ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡൻ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്.

പത്ത് മിനിട്ടിൽ താൻ അവിടേക്ക് എത്തി. കുട്ടികൾ പൊലീസിനെയും ആംബുലൻസിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയിൽ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കിൽ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാൻ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്.

താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്.

നേരത്തേ സജിൻ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി അപകടത്തിൽ പെട്ട് ഐസിയുവിൽ ആയിരുന്നു. ഉടനെ താൻ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് മിംസ് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവര്‍ പുറപ്പെട്ട് പാതിവഴിയായപ്പോൾ കുട്ടി മരിച്ചു. മരണവിവരം താൻ വീണ്ടും കുട്ടിയുടെ അച്ഛനെ വിളിച്ച് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ ബന്ധുവീട്ടിലാക്കിയ ശേഷമായിരുന്നു പിന്നീട് അച്ഛൻ അടക്കമുള്ളവര്‍ യാത്ര തുടര്‍ന്നത്. എന്നാൽ അമ്മ ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. ആ അനുഭവം തനിക്കുണ്ട്. അതിനാലാണ് ഇതിലൊരു വീഴ്ച വരാതിരിക്കാൻ അടുപ്പമുള്ള ആളെ കൊണ്ട് വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. ഇങ്ങനെ തന്നെയാണ് മരണം അറിയിക്കുക. ഇതൊക്കെ മാനുഷിക പരിഗണനയുടെ കാര്യമാണ്. ഇതെല്ലാം ഡീൻ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല വേണ്ടതെന്നുമായിരുന്നു നേരത്തെ എംകെ നാരായണൻ പ്രതികരിച്ചത്.

സ്വര്‍ണ കിരീടത്തിൽ 'കത്തി' തൃശൂര്‍; പോരിനിറങ്ങി സ്ഥാനാര്‍ത്ഥികള്‍, നേര്‍ച്ച വിവാദത്തിൽ കരുതലോടെ പ്രതികരണം

 

Latest Videos
Follow Us:
Download App:
  • android
  • ios