പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
2023 സെപ്റ്റംബർ 21നാണ് കേസിൽ വിചാരണ തുടങ്ങിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്
കണ്ണൂര്‍: കേരളത്തെ ആകെയും പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 22 നായിരുന്നു സംഭവം.
2023 സെപ്റ്റംബർ 21നാണ് കേസിൽ വിചാരണ തുടങ്ങിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.
23 വയസ് മാത്രമുള്ള കൃഷ്ണപ്രിയയെ വീട്ടില്‍ കയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.
വൈകാതെ തന്നെ വിഷ്ണുപ്രിയയുടെ മരണവും സംഭവിച്ചു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പിടിയിലായപ്പോഴും ശ്യാംജിത്ത് പ്രതികരിച്ചതെന്നത് ശ്രദ്ധേയമായിരുന്നു. തനിക്ക് 25 വയസായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു അന്ന് ശ്യാംജിത്തിന്‍റെ പ്രതികരണം. ഈ പ്രതികരണവും ഏറെ വിവാദമായിരുന്നു.
പ്രണയപ്പകയില്‍ അടുത്ത കാലങ്ങളായി കേരളത്തില്‍ നിരവധി പെൺജീവനുകള്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ഒരു സാമൂഹിക വിഷയമെന്ന നിലയിലും ഈ കേസ് പ്രസക്തമാണ്.
Also Read:- മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-