നോവോർമ്മകളിൽ നിന്ന് കരുത്തോടെ വെള്ളാർമല സ്കൂളിലെ കുട്ടികൾ; അരങ്ങിൽ പുനരാവിഷ്‌കരിച്ചത് വയനാട് ദുരന്തം

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വയനാട് ദുരന്തം പുനരാവിഷ്‌കരിച്ച് വെള്ളാർമല സ്‌കൂളിലെ കുട്ടികൾ

vellarmala school students mime show on Wayanad landslide disaster at Kerala school kalolsavam

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സദസിൻ്റെ നിറഞ്ഞ കൈയ്യടി നേടി വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾ. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന സ്കൂളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച മൈം ഷോ കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൻ്റെ നേർസാക്ഷ്യമായി. സ്വന്തം ജീവിതാനുഭവത്തിൻ്റെ തീച്ചൂളയിൽ നിന്ന് ദുരന്തത്തിൻ്റെ ഇരകളായ കുട്ടികളടക്കമാണ് കലോത്സവ നഗരിയിൽ ഉദ്ഘാടന വേദിയിൽ മൈം അവതരിപ്പിച്ചത്.

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളടക്കമാണ് അവതരണത്തിൽ പങ്കാളികളായത്. കഴിഞ്ഞ വർഷം ഒപ്പം കളിച്ച കുട്ടികളില്ലാതെയാണ് ഇത്തവണ മത്സരിക്കാനെത്തിയതെന്നും അത് ഏറെ വേദനിപ്പിക്കുന്നതാണെന്നും കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനസിൽ നിന്ന് ഒരിക്കലും മായാത്ത ഓർമ്മകളാണ് അരങ്ങിലെത്തിച്ചതെന്നും ഒന്നും ഒരിക്കലും മറക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൺമുന്നിൽ കണ്ട പ്രളയവും ദുരന്തവുമാണ് മൈമിൻ്റെ പ്രമേയമായത്. മലവെള്ളപ്പാച്ചിലിൻ്റെ ഭീകരതയും ഉറ്റവരെ നഷ്ടപ്പെട്ട നോവും കണ്ടുനിന്നവരെ തീരാനോവിൻ്റെ ആഴങ്ങളിലേക്കും അവിടെ നിന്ന് അതിജീവനത്തിൻ്റെ പാതയിലേക്കും നയിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് കുട്ടികളെ സദസ് അഭിനന്ദിച്ചത്. വെള്ളാർമല സ്‌കൂളിലെ കുട്ടികളെ പരാമർശിച്ച് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതും, ഇത്തവണത്തെ കലോത്സവം അതിജീവനത്തിൻ്റെ കലാമേളയാണ് എന്നായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios