കലോത്സവം നമ്മുടെ അഭിമാനം, 'ഭംഗിയായ സംഘാടനം' വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും അഭിനന്ദിച്ച് പ്രതിപക്ഷനേതാവ്

അത്രയും മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. 

vd satheeshan appreciated Education Minister and the Department for organizing the kalolsavam 2024-25 without any complaints

തിരുവനന്തപുരം: ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. 63-ആമത് സംസ്‌ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബാല്യത്തിലേക്കും കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കും കൈ പിടിച്ചു കൊണ്ടുപോകുന്നതാണ് കലോത്സവങ്ങൾ. ഓരോ മത്സരത്തിനും മാർക്കിടുക എന്നത് ജഡ്ജ്സിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണു. ചലച്ചിത്ര താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി. കലയെ കൈവിടാതെ, ജീവിത കാലം മുഴുവൻ  കലയാൽ ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെ  എന്ന് നടൻ ആസിഫ് അലി ആശംസിച്ചു. മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്ന സർഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ   കലാകാരന്മാരും കലാകാരികളുമായി തുടരാൻ കഴിയട്ടെയെന്നു നടൻ ടൊവിനോ തോമസ് ആശംസിച്ചു. കലാകിരീടം സ്വന്തമാക്കിയ തൃശൂര്‍ ജില്ല മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. എ ഗ്രേഡ് ലഭിക്കുന്നവർക്ക് നൽകുന്ന ആയിരം രൂപയുടെ കലോത്സവ സ്കോളർഷിപ് 1500 രൂപയായി ഉയർത്തുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 

മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.എ.മുഹമ്മദ് റിയാസ്,  പി പ്രസാദ്, ഒ.ആര്‍.കേളു, ഡോ. ആർ ബിന്ദു എന്നിവര്‍ പങ്കെടുത്തു. എ എ റഹിം എംപി, എം.എല്‍.എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുമായ ആന്റണി രാജു, കെ ആന്‍സലന്‍, സി കെ ഹരീന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഒ.എസ്.അംബിക, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ്.ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. 

സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കിയത്.  62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു..

ചരിത്രം ആവർത്തിച്ചു ; 19 വർഷമായി തിരുവാതിര കളിയ്ക്ക് കപ്പ് നേടുന്നത് മലപ്പുറത്തെ ഈ സ്കൂൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios