വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ?; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എം എൽ എ മാരുടെ ഭൂരിപക്ഷ പിന്തുണ വി ഡി സതീശനെന്നാണ് സൂചന
ദില്ലി: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാനിരിക്കെ പ്രതിപക്ഷ നേതാവ് ആരാകും എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. വിഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുമെന്ന സൂചനകളാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നത്, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എം എൽ എ മാരുടെ ഭൂരിപക്ഷ പിന്തുണ വി ഡി സതീശന് കിട്ടിയെന്നാണ് വിവരം, ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ദില്ലിയിൽ നിന്ന് ഉണ്ടാകും .
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത തോൽവിയെ തുടര്‍ന്ന് നേതൃമാറ്റത്തിനുള്ള മുറവിളി കോൺഗ്രസിനകത്ത് ശക്തമായിരുന്നു. പ്രത്യേകിച്ച് യുവ നേതാക്കൾ നേതൃതലത്തിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടാണ് ഉമ്മൻചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കൾ കൈക്കൊണ്ടിരുന്നത്. എന്നാൽ പിണറായി വിജയൻ പുതുമുഖങ്ങളെ അണിനിരത്തി മുന്നോട്ട് പോകുമ്പോൾ എതിരിടാൻ ശക്തനായ പ്രതിപക്ഷ നേതാവ് വേണമെന്ന ആവശ്യം യുവ എംഎൽഎമാര്‍ അടക്കമുള്ളവർ ഹൈക്കമാന്‍റ് പ്രതിനിധികൾക്ക് മുന്നിൽ വച്ചതായാണ് വിവരം. ഇതോടെയാണ് വിഡി സതീശന് വഴി തെളിയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona