തോറ്റിട്ടും തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം: വിഡി സതീശൻ
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പിവി അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: രണ്ടുവട്ടം തോറ്റിട്ടും അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലെ വമ്പൻ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകൾ കൂടിയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിപദത്തിലേക്ക് നാച്വറൽ ചോയ്സാണ് താനെന്ന് കേൾക്കുമ്പോൾ കുളിരണിയാറില്ലെന്നും രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ അൻവറിനെ താനായിരുന്നെങ്കിൽ ശാസിച്ചേനെയെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേതാവ് നിലപാട് പരിപാടിയിൽ പറഞ്ഞു.
കണ്ണൂരിലെ വമ്പൻ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകൾ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മടത്തും പയ്യന്നൂരിലുമടക്കം പാർട്ടി കോട്ടകളിൽ സിപിഎം വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകി. കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടു, എന്നാൽ അത് പോര. എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ടെന്നും വിഡി സതീശൻ നേതാവ് നിലപാട് അഭിമുഖത്തിൽ വ്യക്തമാക്കി.
കെ മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കും. രണ്ടുവട്ടം തോറ്റിട്ടും അഞ്ചുകൊല്ലം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോ എന്ന് പരിശോധിക്കണം. പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പദത്തിലേക്ക് നാച്വറൽ ചോയ്സാണ് താനെന്ന് കേൾക്കുമ്പോൾ കുളിരണിയാറില്ല. മുഖ്യമന്ത്രിയാകാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ യുഡിഎഫ് സംസ്ഥാനത്ത് തിരിച്ച് വരില്ല. മുഖ്യമന്ത്രി പദം എന്ന ചിന്ത വന്നാൽ കൗശലങ്ങൾ മെനയാൻ തുടങ്ങും. ചുണ്ടിനും കപ്പിനും ഇടയിൽ ഒരുപാട് സ്ഥാനങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ട്. എന്തിനും മനസൊരുക്കിയാണ് പ്രവർത്തിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പിവി അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ. ബിജെപി പോലും പറയാത്ത രീതിയിലാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചതെന്നും വിഡി സതീശൻ വിമര്‍ശിച്ചു.