കെഎഫ്‌സിയുടെ നിക്ഷേപത്തിന് പിന്നിൽ കമ്മീഷൻ ഇടപാടെന്ന് വിഡി സതീശൻ; 'ധനമന്ത്രിമാർ മറുപടി പറയണം'

ഫെഡറൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന കരുതൽ ധനമാണ് അനിൽ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തിൽ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശൻ

VD Satheesan says commission deal behind KFC investment in RCFL

കൊച്ചി: കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അറിവോടെയാണ് ഇത് നടന്നത്. കരുതൽ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരൻ്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന കരുതൽ ധനമാണ് അനിൽ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തിൽ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശൻ. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുൻപ് ഫെഡറൽ ബാങ്ക് നിക്ഷേപം പിൻവലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുൻ ധനമന്ത്രിയും മറുപടി പറയണം. സർക്കാർ സ്ഥാപനം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയാണിത്. സർക്കാരിന് 102 കോടി രൂപയാണ് നഷ്ടമായത്. ഇതേപ്പറ്റി സർക്കാർ അന്വേഷണം നടത്തണം. അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായി പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios