താൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം, 'അന്വേഷണം പ്രഹസനം'
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിലാണ് സതീശൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. എഡിജിപിക്കെതിരെ നടത്തുന്ന അന്വേഷണം പ്രഹസനം എന്നല്ലാതെ എന്ത് പറയാനാണെന്നും ഉദ്യോഗസ്ഥരെ പിണറായി ഇതിന് മുൻപും ഇത് പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ ആർഎസ്എസ് നേതാവുമായുള്ള സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും എതിർത്തുവെന്നും കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
മെയ് 23 ന് മുഖ്യമന്ത്രിയുടെ മേശയിൽ ഇന്റലിജിൻസ് റിപ്പോർട്ട് വന്നു. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടു എന്നായിരുന്നു റിപ്പോർട്ട്. നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.10 ദിവസത്തിനകം റാം മാധവിനെ കണ്ടു. മുഖ്യമന്ത്രി പറഞ്ഞല്ല ഒറ്റക്ക് പോയി കണ്ടതെന്നാണ് വിശദീകരണം. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഉണ്ട്. പട്ടിൽ പൊതിഞ്ഞ ഒരു ശകാരം എങ്കിലും നടത്തണ്ടേ. ഡിജിപിയോട് അന്വേഷിക്കാൻ പറയാത്തതെന്താണ്. 16 മാസത്തിന് ശേഷമാണോ അന്വേഷണത്തിന് ഉത്തരവിടേണ്ടത്. അതിനെ പ്രഹസനം എന്നല്ലാതെ എന്ത് പറയാനാണ്. ഉദ്യോഗസ്ഥരെ പിണറായി ഇതിന് മുൻപും ഇത് പോലെ ഉപയോഗിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
സ്വപന സുരേഷിന്റ സഹായിയെ തട്ടിക്കൊണ്ട് പോയതും അജിത് കുമാറാണ്. ഇപ്പോഴത്തെ നടപടി പ്രഹസനമാണ്. സാധാരണ മാറ്റമാണ്. എത്ര കേസുകൾ ഉണ്ട്. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനം മുതൽ തൃശ്ശൂർ പൂരം വിവാദവും സ്വർണ്ണം പൊട്ടിക്കലും എല്ലാം ആരോപണം ഉയർന്നു. എന്നിട്ട് ഒന്നും ഉണ്ടായില്ലല്ലോ. അജിത് കുമാർ മുഖ്യമന്ത്രിയുടെ ബിജെപി നേതൃത്വവുമായുള്ള ലിങ്ക് ആണ്. എംആർ അജിത് കുമാർ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈൻമെന്റ് ആണ്. സുജിത് ദാസിന്റ പുറത്തു വന്ന ഓഡിയോ പോലീസിനെ നാണം കെടുത്തി. ഇതാണോ കമ്യൂണിസ്റ്റ്. മലപ്പുറം പരാമർശം ആസൂത്രിതമാണ്. ഹിന്ദു അഭിമുഖം വന്നപ്പോൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. സർക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കോക്കസ് ഉണ്ട് എന്ന് പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം കേസിൽ സുരേന്ദ്രനെ സഹായിച്ചു. ശ്രീ എമിന്റെ സാന്നിധ്യത്തിൽ ആർഎസ്എസ് നേതാക്കളുമായി കൂട്ടിക്കാഴ്ച്ച നടത്തിയത് പിണറായിയാണ്.
ശ്രിഎമ്മിന്റെ നേതൃത്വത്തിൽ മസ്കറ്റ് ഹോട്ടലിൽ ആർഎസ്എസ് നേതാക്കളെ കണ്ടില്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇത് വരെ മിണ്ടിയിട്ടില്ല. ഹിന്ദുവിലെ അഭിമുഖം അടക്കം ഉള്ളടക്കം തയ്യാറാക്കിയതെല്ലാം ഒരേ ഇടത്താണ്. പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ചു. ഹിന്ദുവിൽ വാർത്ത വന്ന് ഒന്നര ദിവസം കഴിഞ്ഞാണ് പ്രസ് സെക്രട്ടറിയുടെ കത്ത്. പിആർ ഏജൻസി ഇല്ല എന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് അഭിമുഖത്തിനു എന്തിനാണ് പിആർ ഏജൻസി. ആരോ ഒരാൾ അഭിമുഖം നടന്ന ഇടത്ത് വന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ വിശ്വസിക്കാൻ പാടാണെന്നും സതീശൻ പറഞ്ഞു.
ഗോൾവാൾക്കറിൻ്റെ ചിത്രത്തിൽ ഞാൻ നിൽക്കുന്ന പടം സിപിഎം കൊണ്ടുവന്നു. അത് ആർഎസ്എസ് പ്രചരിപ്പിക്കുന്ന ചിത്രമാണ്. ഞാൻ ഒരു പരിപാടിക്കും പോയിട്ടില്ല. ശൈലജ ടീച്ചറുടെ 5 ചിത്രങ്ങൾ കാണിച്ചു തരാം. നിങ്ങളുടെ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചുതരാം. ഞാൻ ആർഎസ്എസിൻ്റെ ഗണേശോൽസവത്തിൽ പങ്കെടുത്തുവെന്ന് സിപിഎമ്മിൻ്റെ സോഷ്യൽമീഡിയ ഹാൻ്റിലിൽ വന്നു. എറണാകുളത്ത് ശിവക്ഷേത്രത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് താൻ പങ്കെടുത്തത്. അമ്പലത്തിൽ നടത്തിയ പരിപാടിയിൽ പോവാൻ പാടില്ലേ. 2018ൽ ആ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്. മന്ത്രി പങ്കെടുത്താൽ പ്രശ്നമില്ല. സതീശൻ പോയാൽ ആർഎസ്എസിൻ്റെ പരിപാടിയായി പറയുമെന്നും വിഡി സതീശൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8