'ജഡ്ജിയും സ്ത്രീയല്ലേ? അവനെ ഞങ്ങൾ വെറുതെ വിടില്ല', അലറിക്കരഞ്ഞ് പെൺകുട്ടിയുടെ അമ്മ, കോടതിയിൽ നാടകീയ രംഗങ്ങൾ
14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണെന്നും എന്ത് നീതിയാണ് കിട്ടിയതെന്നും രോഷത്തോടെ പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. അതേസമയം, കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു
ഇടുക്കി:ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. വിധി പ്രസ്താവന വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞാണ് അവരുടെ രോഷം പ്രകടിപ്പിച്ചത്. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്.
പൂജാമുറിയിലിട്ടാണ് എന്‍റെ കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും ഞാന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ എന്‍റെ കുഞ്ഞിനെയാണ് അവന്‍ കൊന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന്‍ കൊന്നത്. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെ. ഏതു നീതിയാ കിട്ടിയത്. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്‍റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്‍റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജഡ്ഡും ഒരു സ്ത്രീയല്ലെയെന്നും ഇങ്ങനെയാണോ ചെയ്യുന്നതെന്നും എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ രോഷത്തോടെ പറഞ്ഞു.
അതേസമയം, പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി സംബന്ധിച്ച വിധി പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ല. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിയെ വെറുതെവിട്ട വിധി വന്നതിന് പിന്നാലെ കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ യഥാര്‍ത്ഥ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണ് പ്രൊസിക്യൂഷന്‍.
ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു