വന്ദേ ഭാരതിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്ര രൂപയാകും, എത്ര സമയമെടുക്കും -ചർച്ച പൊടിപൊടിക്കുന്നു
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂർ സർവീസിന് ഏഴ് മണിക്കൂറെടുക്കും.
തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് എത്തിയത് ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ട്രെയിൻ സമയം, നിരക്ക്, സ്പീഡ് എന്നിവയിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരാനുണ്ട്. എന്നാൽ, ടിക്കറ്റ് നിരക്ക്, വേഗത എന്നിവ സംബന്ധിച്ച് സോഷ്യൽമീഡിയയിൽ ചർച്ച പൊടിപൊടിക്കുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. തമിഴ്നാട്ടിലെ രണ്ട് പ്രധാന നഗരങ്ങളെ അഞ്ച് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കാനാകുമെന്നതാണ് നേട്ടം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം. ചെന്നൈ - കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ (20643) ചെയർ കാറിന് നിരക്ക് 1365 രൂപയാണ്. 308 രൂപ ഇതിൽ കാറ്ററിങ് സർവീസിനാണ് ഈടാക്കുന്നത്. എക്സിക്യൂട്ടീവ് ക്ലാസിന് 2485 രൂപയാണ് ചാർജ്. ഇതിൽ 369 രൂപ കാറ്ററിങ് സർവീസിന് ഈടാക്കുന്നു. അതേസമയം, വന്ദേഭാരത് (20644) ട്രെയിനില ചെയർ കാർ 1215 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2310 രൂപയുമാണ് നിരക്ക്.
ഈ നിരക്കുകൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഏകദേശം 1200-1300 രൂപക്ക് ഇടയിലായിരിക്കും വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിന് ടിക്കറ്റ് നിരക്ക്. 2300 രൂപയോടടുത്ത് എക്സിക്യൂട്ടീവിനും ചാർജ് ആകാനാണ് സാധ്യത. സോഷ്യൽ മീഡിയാ ചർച്ചകളിൽ വന്ദേഭാരത് ചെയർ കാർ ടിക്കറ്റിന് 1400 രൂപയാകുമെന്ന് പലരും അഭിപ്രായപ്പെട്ടു. 9 മണിക്കൂറുനുള്ളിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര ചെയ്യുന്ന ജനശതാബ്ദിക്ക് എസി ചെയർകാറിന് 755 രൂപയും സെക്കൻഡ് സിറ്റിങ്ങിന് 220 രൂപയുമാണ് ചാർജ്. ഏഴ് മണിക്കൂറുകൊണ്ട് എത്തുന്ന രാജധാനി എക്സ്പ്രസിൽ 2 എസി സ്ലീപ്പർ ടിക്കറ്റിന് 1235 രൂപയാണ് ചാർജ്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂർ സർവീസിന് ഏഴ് മണിക്കൂറെടുക്കും. അങ്ങനെയെങ്കിൽ വന്ദേഭാരതിന്റെ വേഗത മണിക്കൂറിൽ ശരാശരി 71 കിലോമീറ്ററായിരിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്.