വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ്; ഒന്നുമറിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാർ, വിഷുക്കൈനീട്ടമെന്ന് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിൻ വഴിയുള്ള രാഷ്ട്രീയനേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്പോഴും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ എതിർക്കുകയാണ് യുഡിഎഫും എൽഡിഎഫും.

Vande Bharat Flag Off kerala state government says not received an official notification nbu

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം.

ഫ്ലാഗ് ഓഫിന് മുന്നേ വന്ദേഭാരത് കേരളത്തിൽ രാഷ്ട്രീയ ട്രാക്കിൽ അതിവേഗം ഓടിത്തുടങ്ങി. ട്രെയിൻ കേരളം തൊട്ട പാലക്കാട് മുതൽ ബിജെപി പ്രവർത്തകർ നൽകുന്ന സ്വീകരണം നൽകുന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള നീക്കത്തിനൊപ്പം മോദിയും വന്ദേ ഭാരതും വഴിയുള്ള വികസന കാർഡിലൂം ഊന്നിയാകും ഇനി ബിജെപിയുടെ കേരള മിഷൻ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിൻ വഴിയുള്ള രാഷ്ട്രീയനേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്പോഴും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ എതിർക്കുകയാണ് യുഡിഎഫും എൽഡിഎഫും.

Also Read: വന്ദേ ഭാരത് ട്രെയില്‍ കേരളത്തിലെത്തി; പാലക്കാട് വൻ വരവേൽപ്പ്, വിഷുക്കൈനീട്ടമെന്ന് ബിജെപി

കെ റെയിലിന് ചുവപ്പ് കാർഡ് വീശിയ കേന്ദ്രം വികസന വിരുദ്ധരാണെന്ന പ്രചാരണം എൽഡിഎഫ് ശക്തിപ്പെടുത്തിയിരുന്നു. വന്ദേഭാരത് വഴി അതിവേഗം ഇത്തരം പ്രചാരണങ്ങൾക്ക് തടയിടാമെന്നാണ് ബിജെപി പ്രതീക്ഷ. സിൽവർ ലൈനിന് ദില്ലി നോ പറഞ്ഞതോടെ വന്ദേഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ എടുത്തിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ് വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ സംസ്ഥാന സർക്കാറിന് പരിഭവം ഉണ്ട്. വന്ദേഭാരതിൻറെ സ്വാഭാവിക വേഗത കേരളത്തിലെ ട്രാക്കിൽ കിട്ടില്ലെന്ന ആശങ്കയും പങ്കിട്ട് നല്ലത് കെ റെയിൽ തന്നെയായിരുന്നു എന്നാണ് നിലപാട്. അർഹതപ്പെട്ട ട്രെയിൻ അനുവദിച്ചതിനെ വലിയനേട്ടമായി ബിജെപി ഉയർത്തിക്കാട്ടുന്നതിനെ എൽഡിഎഫ് എതി‍ർക്കുന്നു.

സിൽവർലൈനിനെ അതിശക്തമായി എതിർത്ത യുഡിഎഫ് കരുതലോടെയാണ് വന്ദേ ഭാരതിൻ്റെ വരവിനെ കാണുന്നത്. കണ്ണൂരിനപ്പുറം മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന യുഡിഎഫ് വന്ദേഭാരത് വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങളെ എതിർക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios