കളിപ്പാട്ടം കാത്തിരുന്ന കുഞ്ഞനിയന്റെ മുന്നിൽ ചേതനയറ്റ ശരീരമായി ഇമ്മാനുവേൽ; നാടിന്റെ നോവായി എൽന
പഠനത്തിലൊപ്പം പാട്ടിലും മിടുക്കിയായിരുന്നു വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച എൽന ജോസ്
മുളന്തുരുത്തി: എൽകെജി വിദ്യാർത്ഥിയായ കുഞ്ഞനിയന് കളിപ്പാട്ടം വാങ്ങിനൽകാമെന്ന് വാക്കുപറഞ്ഞായിരുന്നു അപകടത്തിൽ മരിച്ച ഇമ്മാനുവേൽ യാത്ര പോയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ഇമ്മാനുവേൽ. 17 വയസായിരുന്നു. കളിപ്പാട്ടം കാത്തിരുന്ന കുഞ്ഞനിയന്റെ മുന്നിലേക്ക് ചേതനയറ്റ ശരീരമായാണ് ഇമ്മാനുവേൽ തിരിച്ചെത്തുന്നത്.
പഠനത്തിലൊപ്പം പാട്ടിലും മിടുക്കിയായിരുന്നു വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച എൽന ജോസ്. പള്ളി ഗായക സംഘത്തിലും എൽന സജീവമായിരുന്നു. കച്ചവടക്കാരനായ ജോസിൻ്റെ 'മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പത്താം ക്ലാസുകാരിയായ എൽന. കലാരംഗത്തടക്കം നാട്ടുകാർക്ക് പ്രിയങ്കരിയായ പെൺകുട്ടിയുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും നാട്ടുകാർക്ക്.
അപകട വിവരം അറിഞ്ഞയുടൻ എൽനയുടെയും ഇമ്മാനുവേലിന്റെ അച്ഛന്മാർ അപകട സ്ഥലത്തേക്ക് പോയി. അമ്മയും സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് തടിച്ചുകൂടിയ ആളുകൾക്ക് മുന്നിലേക്ക് ജീവനറ്റ നിലയിൽ തിരിച്ചെത്തിയ കുഞ്ഞുങ്ങളെ ഓർത്ത് നാട് കരയുകയാണ്.
ഇമ്മാനുവേലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് തന്നെ പൂർത്തിയാക്കും. അതേസമയം എൽനയുടെ വിദേശത്തുള്ള സഹോദരൻ മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണ്. ഇദ്ദേഹം തിരിച്ചെത്തിയ ശേഷം നാളെയാണ് എൽനയുടെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.