'കാഫിര്‍' വിവാദം; സിപിഎം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്, വിവരാവകാശ ചോദ്യത്തിന് വിചിത്ര മറുപടി
സിപിഎം പയ്യോളി ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രണ്ട് മാസം മുമ്പ് പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല.
കോഴിക്കോട്: വ്യാജമാണെന്ന് വ്യക്തമായിട്ടും കാഫിര്‍ പരാമര്‍ശമടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സിപിഎം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്. സിപിഎം പയ്യോളി ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രണ്ട് മാസം മുമ്പ് പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. നടപടിയില്ലാത്തതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പരാതി സൈബര്‍ സെല്ലിന് നല്‍കിയതിനാല്‍ തുടർ നടപടിയില്ലെന്ന വിചിത്ര മറുപടിയാണ് പയ്യോളി പൊലീസ് നല്‍കിയിരിക്കുന്നത്.
കാഫിര്‍ പരാമര്‍ശമടങ്ങിയ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷവും ചില സിപിഎം നേതാക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇപ്പോഴും ആ പോസ്റ്റ് നിലനില്‍ക്കുകയാണ്. സിപിഎം പയ്യോളി ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രണ്ട് മാസം മുമ്പാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍ പരാതി നല്‍കിയത്. പക്ഷേ കേസെടുക്കാന്‍ ഇതുവരെയായിട്ടും പൊലീസ് തയ്യാറായിട്ടില്ല. നടപടി വൈകുന്നതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പരാതി സൈബര്‍ സെല്ലിന് കൈമാറിയതിനാല്‍ തുടര്‍ നടപടിയില്ലെന്നായിരുന്നു പയ്യോളി പൊലീസിന്‍റെ മറുപടി. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ പോലും കേസെടുക്കുന്ന പൊലീസ് ഈ വിഷയത്തില്‍ സിപിഎം നേതാക്കളുമായി ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.
കെ കെ ലതിക ഉള്‍പ്പെടെയുള്ളവര്‍ വ്യാജസ്ക്രീന്‍ ഷോട്ട് അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തെങ്കിലും പല ഇടത് പ്രൊഫൈലുകളിലും ഈ പോസ്റ്റുകള്‍ ഇപ്പോഴുമുണ്ട്. പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.