'സിപിഎം എന്തേ കേന്ദ്രത്തെ കുറ്റപ്പെടുത്തിയില്ല എന്ന് ആലോചിക്കുവായിരുന്നു, അപ്പോഴാണ് ശിവദാസൻ ചാടി വീണത്'
കേന്ദ്രം ചട്ടങ്ങള്‍ മാറ്റാത്തതിനാലാണ് നായകളെ പിടികൂടാനാവാത്തതെന്ന ശിവദാസന്‍റെ പരാമർശത്തിന്, ചട്ടങ്ങളൊക്കെ ഭേദഗതി ചെയ്തിട്ട് മാസം രണ്ടായെന്നും മുരളീധരൻ മറുപടി നൽകി
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സി പി എം നേതാവും എം പിയുമായ വി ശിവദാസന്‍റെ പരാമർശത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. വിഷയത്തിൽ സി പി എം എന്തേ കേന്ദ്രത്തെ കുറ്റപ്പെടുത്തിയില്ല എന്ന് ആലോചിച്ചിരിക്കയായിരുന്നുവെന്നും അപ്പോഴാണ് ശിവദാസന്‍ എം പി ചാടി വീണതെന്നുമുള്ള പരിഹാസത്തോടെയാണ് മുരളീധരന്‍റെ വിമർശനം. കേന്ദ്രം ചട്ടങ്ങള്‍ മാറ്റാത്തതിനാലാണ് നായകളെ പിടികൂടാനാവാത്തതെന്ന ശിവദാസന്‍റെ പരാമർശത്തിന്, ചട്ടങ്ങളൊക്കെ ഭേദഗതി ചെയ്തിട്ട് മാസം രണ്ടായെന്നും മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി.
2 വര്‍ഷത്തിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 2 ലക്ഷം പേരെ, പേവിഷ ബാധയേറ്റ് മരിച്ചത് 7 പേര്‍
വി മുരളീധരന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
തെരുവുനായ പ്രശ്നത്തില്‍ സിപിഎം എന്തേ കേന്ദ്രത്തെ കുറ്റപ്പെടുത്തിയില്ല എന്ന് ആലോചിച്ചിരിക്കയായിരുന്നു...
അപ്പോഴാണ് ശിവദാസന്‍ എം.പി ചാടി വീണത്...
കേന്ദ്രം ചട്ടങ്ങള്‍ മാറ്റാത്തതിനാലാണത്രെ നായകളെ പിടികൂടാനാവാത്തത് ...!
പ്രിയ ശ്രീ, ശിവദാസന്‍, ചട്ടങ്ങളൊക്കെ ഭേദഗതി ചെയ്തിട്ട് മാസം രണ്ടായി. !
അതിന്‍റെ പേരാണ് Animal Birth Control Rules 2023 ....
ബഹു.സുപ്രീംകോടതി ഉത്തരവുകൂടി കണക്കിലെടുത്തുള്ള ഭേദഗതികളാണ് 2001ലെ ചട്ടത്തില്‍ വരുത്തിയിട്ടുള്ളത്...
പാര്‍ലമെന്‍റ് അംഗമായ അങ്ങ് ഇതൊന്നും അറിയാത്തത് കേന്ദ്രസര്‍ക്കാരിന്‍റെ കുറ്റമല്ല..
പാര്‍ലമെന്‍റും ജന്തര്‍മന്തറും ഒരുപോലെ കൊടിപിടിക്കാനുള്ള ഇടമായി മാത്രം കാണുന്നതാണ് താങ്കളെപ്പോലുള്ളവരുടെ കുഴപ്പം..
ചട്ടഭേദഗതി പ്രകാരം രാജ്യത്തെ തെരുവുനായ ജനനനിയന്ത്രണത്തിന്‍റെ പരിപൂര്‍ണ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്..
അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് അംഗീകരിച്ച ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കേണ്ടത്...
മേഖലതിരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തെരുവുനായവന്ധ്യംകരണം നടപ്പാക്കണം എന്ന കേന്ദ്രമൃഗസംരക്ഷണവകുപ്പ് സെക്രട്ടറിയുടെ കത്ത് കേരളത്തിലെ വകുപ്പു സെക്രട്ടറിയുടെ മേശപ്പുറത്ത് ഇരിപ്പുണ്ടാവും...
എന്ത് നടപടിയുണ്ടായി എന്ന് ശ്രീ. ശിവദാസന്‍ അന്വേഷിക്കണം.
പേവിഷബാധ നിര്‍മാര്‍ജന ലക്ഷ്യം കൂടി കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ട് നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്..
എത്ര ഫണ്ട് ഓരോ വകുപ്പും അനുവദിച്ചു എന്ന് ബഹു.എം.പി അന്വേഷിക്കണം...
നടപടികളുടെ പുരോഗതി വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നും കേന്ദ്രനിര്‍ദേശമുണ്ട്...
കേരളത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എത്ര നിരീക്ഷണസിമിതികളുണ്ടെന്ന് ശ്രീ.ശിവദാസന്‍ ശ്രീ.എം.ബി രാജേഷിനോട് ചോദിക്കണം..
ഓരോ ഗ്രാമത്തിലും തെരുവുനായ്ക്കള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിലയിരുത്തേണ്ടതുണ്ട്..
മുഴുപ്പിലങ്ങാട് തന്നെ ഇടതുസര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവിന്‍റെ ഉദാഹരണം !
കൂടുതല്‍ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ ശ്രീ.ശിവദാസന്‍ കേരളത്തിലെ റോഡിലൂടെ നടക്കുമ്പോള്‍ ചുറ്റും നോക്കിയാല്‍ മതിയാവും..
പോരട്ടെ, ഇനിയും പോരട്ടെ, മോദിയാണ് എല്ലാത്തിനും കാരണക്കാരന്‍ എന്ന പ്രസ്താവനകള്‍...
( കടത്തിന്‍റെ കണക്കിന് ഇനിയും മറുപടി കിട്ടിയിട്ടില്ല കേട്ടോ )
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...