നരബലി സ്ഥലത്ത് ഡമ്മി പരിശോധനയും, സ്ത്രീയുടെ ഡമ്മി ഭഗവൽ സിംഗിന്‍റെ വീട്ടിൽ: നായ പരിശോധനയിൽ എല്ല് കണ്ടെത്തി
മൂന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഇത്തരത്തിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം സംശയാസ്പദമായ സാഹചര്യത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നേരത്തെ പത്മയെയും റോസ്‍ലിനെയും കുഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലും ഇത്തരത്തിൽ മഞ്ഞൾ ചെടിയടക്കം നട്ടുവളർത്തിയിരുന്നു
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിൽ ഡമ്മി പരിശോധനയും. കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന നടത്തുന്നത്. സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്.
അതേസമയം നായകളെ കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. നായ പരിശോധനയിൽ എല്ല് കണ്ടെത്തിയിരുന്നു. ഇത് മനുഷ്യന്‍റെ എല്ല് അല്ലെന്നാണ് നിഗമനം. മനുഷ്യന്‍റെ എല്ലിനെക്കാൾ കട്ടിയുള്ള എല്ലാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്നാണ് സംശയം. കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് ഇവിടെ പരിശോധന നടത്തുന്നത്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം കുഴിച്ച് പരിശോധിക്കും. ഒരിടത്ത് പരിശോധിച്ചപ്പോഴാണ് എല്ല് കണ്ടെത്തിയത്.
ഇത്തരത്തിൽ മൂന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഇത്തരത്തിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം സംശയാസ്പദമായ സാഹചര്യത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നേരത്തെ പത്മയെയും റോസ്‍ലിനെയും കുഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലും ഇത്തരത്തിൽ മഞ്ഞൾ ചെടിയടക്കം നട്ടുവളർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങൾ പരിശോധിക്കേണ്ടിവരും. നേരത്തെ മൃതദേഹം കിട്ടിയ പറമ്പിലെ ഭാഗങ്ങളിൽ പരിശോധന നടത്തില്ല. മറ്റ് സ്ഥലങ്ങളിലാകും പരിശോധന നടത്തുക.
അതേസമയം മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കളെയാണ് പരിശോധനയ്ക്ക് എത്തിച്ചിട്ടുള്ളത്. ഇവ രണ്ടും 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള നായ്ക്കളാണ് മായയും മര്‍ഫിയും. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.