31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18  വരെ അപേക്ഷിക്കാം

Update of electoral rolls for byelections in 31 local wards

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18  വരെ അപേക്ഷിക്കാം. 2025 ജനുവരി  ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.

പേര് ഒഴിവാക്കാൻ  ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
 
വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്,  രണ്ട് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 25 ഗ്രാമപഞ്ചായത്ത് വാർഡുകൾ  എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്. കണ്ണൂർ ജില്ലയിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാട്  ജനറൽ സീറ്റിലാണ് ഒഴിവ്.

അസ്വസ്ഥതയുള്ള കാലാവസ്ഥ, സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പ്, നിർദേശങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios