അയിത്ത വിവാദം അവസാനിച്ചു,തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍
സമൂഹം ചർച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു.തിരുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
എറണാകുളം:ക്ഷേത്രത്തിലെ അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സമൂഹം ചർച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.മണിപ്പൂരിൽ സംഭവിച്ച പോലുള്ള കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കാതിരിക്കാൻ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. പല ജാതിമതങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉൾക്കൊള്ളുകയാണ് നമ്മുടെ സംസ്കാരം.ശബരിമലയെ പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്തു ഇല്ലെന്നും അദ്ദേഹം പറഞ്ഞു
പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന പരാമർശത്തിൽ ന്യായീകരണവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. വിവാദം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും, പരാമർശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ പ്രതികരിച്ചു. എന്നാൽ ക്ഷേത്രം ഭരണസമിതിയുടെ നിർദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്,പൂജ സമയത്തു മന്ത്രിയല്ല മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.പൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്നും താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി
'ദേഹശുദ്ധി ഏത് പുരോഹിതനും പാലിക്കും', മന്ത്രിയുടെ അയിത്ത ആരോപണം അടിസ്ഥാനരഹിതമെന്ന് യോഗക്ഷേമ സഭ