വരും വരും വരും..., കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി
കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആംബുലന്‍സിൽ പൂര നഗരയിലെത്തിയതിന് പൊലീസ് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്നും സുരേഷ് ഗോപി.
ദില്ലി: കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും തൃശൂര്‍ പൂര നഗരയിലേക്ക് ആംബുലന്‍സിൽ വന്നതിൽ പൊലീസ് കേസെടുത്തതിലും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത് സംബന്ധിച്ച ചോദ്യത്തോട് കെ റെയില്‍ വരട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വരും, വരും, വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും സുരേഷ് ഗോപി തയ്യാറായില്ല. ഒറ്റ തന്ത പരാമര്‍ശം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തൃശൂര്‍ പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിനിടെ ആംബുലന്‍സിൽ പൂരം നഗരിയിൽ സുരേഷ് ഗോപി എത്തിയതിൽ പൊലീസ് കേസെടുത്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പകപോക്കൽ നടപടിയാണോ കേസെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
കേസിനെ മൗനം കൊണ്ട് നേരിടുകയാണോ എന്ന ചോദ്യത്തിന് മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ വരുമെന്നായിരുന്നു മറുപടി.ഒറ്റതന്ത പരാമര്‍ശത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. താൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് ആരാണെന്ന് തിരിച്ചുചോദിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരായാണ് തന്‍റെ പരാമര്‍ശമെന്ന് ആരാണ് നിശ്ചയിച്ചതെന്നും അവരോട് പോയി ചോദിക്കുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്
കോഴിക്കോട് വച്ച് കെ റെയിൽ വേണ്ടെന്ന് നിവേദനം; കേന്ദ്ര മന്ത്രിയുടെ മറുപടി ഇങ്ങനെ
'ഒറ്റത്തന്ത' പ്രയോഗം; സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി