കലൂർ സ്റ്റേഡിയം അപകടം;ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല, അപകടനില തുടരുന്നു, മെഡിക്കൽ ബോർഡ് യോഗം ഇന്ന്
കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും
കൊച്ചി:കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
അതേസമയം, അപകടത്തിൽ ഇന്നലെ രാത്രിയോടെ കൊച്ചി പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദംഗ വിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. വയനാട് മൃദംഗവിഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.