'ഒരു കീർത്തനം പഠിച്ചാൽ മതി, 3500 രൂപ ഫീസ്, സർട്ടിഫിക്കറ്റും സാരിയും കിട്ടും'; നൃത്താധ്യാപികയുടെ ഓഡിയോ സന്ദേശം
കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയിൽ നടന്ന കൂടുതൽ ക്രമക്കേടുകള്‍ പുറത്ത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് നൃത്ത അധ്യാപിക പണം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയിൽ നടന്ന കൂടുതൽ ക്രമക്കേടുകള്‍ പുറത്ത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് നൃത്ത അധ്യാപിക പണം ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. പരിപാടിയുടെ സംഘാടകർ നൃത്ത അധ്യാപകർ വഴി നർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്നവർക്ക് സ്വർണ നാണയം അടക്കം സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് പരിപാടിയിൽ പങ്കെടുക്കാൻ പണം നല്കണമെന്ന്
നൃത്ത അധ്യാപിക ആവശ്യപ്പെടുന്നതാണ് ശബ്ദ രേഖയിലുള്ളത്.
കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോയെന്ന് പറഞ്ഞാണ് ശബ്ദ സന്ദേശം ആരംഭിക്കുന്നത്. ഡിസിംബര്‍ 29നാണ് ഗിന്നസ് റെക്കോര്‍ഡ് പരിപാടി നടക്കുന്നതെന്നും 3500 രൂപയാണ് ഒരു കുട്ടിക്കുള്ള ഫീസെന്നും അധ്യാപിക പറയുന്നു. പോകാനും വരാനുമുള്ള ചിവലവ് സ്വന്തം എടുക്കണം. ഡാന്‍സിനുള്ള സാരി കിട്ടും. ഇതിന് പുറമെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ട് വീഡിയോയും ഓഡിയോയും കിട്ടും. ഒരു കീര്‍ത്തനം മാത്രം പഠിച്ചാൽ മതിയെന്നും 1900 രൂപ രജിസ്ട്രേഷൻ ഫീസ് ആയി ആദ്യം നൽകിയാൽ മതിയെന്നും അധ്യാപിക പറയുന്നുണ്ട്.
ഇതിനിടെ, നൃത്ത പരിപാടിയിൽ അതിഥിയായി എത്തിയ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണുണ്ടായ അപകടത്തിലെ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തി.
അതേസമയം പരിപാടിയിൽ നടന്ന ക്രമക്കേടുകളെ പറ്റിയും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പരിപാടിയുടെ സംഘാടകർ നൃത്ത അധ്യാപകർ വഴി നർത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു എന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്നവർക്ക് സ്വർണ നാണയം അടക്കം സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, ഗിന്നസ് നേടുക എളുപ്പമല്ലെന്നും ഗിന്നസ് നേടുന്നതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇതിന് പിന്നിൽ സാമ്പത്തിക ലാഭമില്ലെന്നും ഗിന്നസ് പക്രു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.