ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടർമാർ

കൊച്ചി സ്റ്റേഡിയത്തിൽ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്ചയിൽ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ ഉമ തോമസ് എംഎൽഎയുടെ നില ഗുരുതരം

Uma thomas MLA given ventilator support after being injured in accident

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.

അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തിൽ രക്തം കയറിയെന്നുമാണ് ഡോക്ടർമാർ പ്രതികരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓർമ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. 

മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.

താഴെ കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽഎയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരുക്കിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ട്രോമ കെയറിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios