ഉമ തോമസ് അപകടം: സംഘാടനത്തെച്ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മിൽ തർക്കം, സംഘാടനത്തിൽ ‌പിഴവെന്ന് മേയർ

മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞപ്പോൾ സംഘാടനത്തിൽ ഗുരുതര പിഴവെന്ന് ആവർത്തിക്കുകയാണ് മേയർ.

Uma Thomas kaloor stadium accident clash between kochi mayor and GCDA chairman over mridanga vision dance programme organization

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിന്റെ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മിൽ തർക്കം. മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞപ്പോൾ സംഘാടനത്തിൽ ഗുരുതര പിഴവെന്ന് ആവർത്തിക്കുകയാണ് മേയർ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തള്ളി കയറി പ്രതിഷേധിച്ചു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചിയിൽ നടത്തിയ പരിപാടിയിൽ ജിസിഡിഎ വഴി വിട്ട നീക്കങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് പ്രവർത്തകർ തള്ളി കയറി. ചെയർമാൻ കെ ചന്ദ്രൻ പിള്ള രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് ആരോപിച്ച് കൊച്ചി സ്വദേശി വിജിലൻസിൽ പരാതി നൽകി. ആഗസ്റ്റിൽ നൽകിയ പരാതി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള ഒരു മാസം കയ്യിൽ വെച്ച ശേഷമാണ് സെക്രട്ടറിക്ക് കൈമാറുന്നത്. 

Also Read:   'വാരിക്കൂട്ടണം, എല്ലാം ശ്രദ്ധിക്കണം'; എഴുന്നേറ്റിരുന്ന് പേപ്പറിൽ എഴുതി ഉമ തോമസ്, അതിജീവനത്തിന്‍റെ കുറിപ്പ്

അപേക്ഷ പരിഗണിക്കാനാവില്ലെന്ന് എസ്റ്റേറ്റ് വിഭാഗം രേഖപ്പെടുത്തിട്ടിട്ടും ജനറൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ ചെയർമാൻ ഇടപെട്ട് അനുമതി നൽകിയതിൽ സാമ്പത്തിക അഴിമതി ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഭാവിയിലും ഇത്തരം പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകാനാണ് തീരുമാനമെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞു. സുരക്ഷ കൂട്ടാൻ നടപടി എടുക്കും. എസ്റ്റേറ്റ് വിഭാഗത്തിന്റെ നിർദേശം താൻ കണ്ടിട്ടില്ല. സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ച ചെയ്ത ശേഷമാണ്. മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.

എന്നാൽ, നൃത്ത പരിപാടിക്ക് അനുമതി നൽകിയ യോഗത്തിൽ താൻ പങ്കെടുത്തില്ലെന്ന് കൊച്ചി മേയർ എം അനിൽകുമാർ വ്യക്തമാക്കി. സംഘടനത്തിൽ പിഴവുണ്ടെന്ന് മേയർ ആവർത്തിച്ചു. ഉമ തോമസിന് അപകടം സംഭവിച്ച വിഷയത്തിൽ അനുമതിയെ ചൊല്ലി വിവാദം പുകയുമ്പോഴും ജിസിഡിഎയുടെ ന്യായീകരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് കൊച്ചി മേയർ.

Latest Videos
Follow Us:
Download App:
  • android
  • ios