ഉമ തോമസിൻ്റെ അപകടം: പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ ഫയ‍ർ ഫോഴ്‌സ് റിപ്പോ‍ർട്ട്; 'ഗുരുതര വീഴ്‌ച'

എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടക‍ർക്കുമെതിരെ ഫയ‍ർ ഫോഴ്‌സ്

Uma Thomas accident at Kochi stadium Fire force report accuses PWD and organisers

കൊച്ചി: ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ റിപ്പോർട്ട് ഇന്ന് ഫയർഫോഴ്‌സ് മേധാവിക്ക് കൈമാറും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്ന് കൊടുത്തതെന്നും വിളക്ക് കൊളുത്താൻ മാത്രമാണ് സ്റ്റേജ് എന്നാണ് സംഘാടകർ പറഞ്ഞതെന്നുമാണ് ഇവർ വിശദീകരിക്കുന്നത്.

ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 മീറ്റ‍ർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ വശങ്ങളിൽ സ്ഥാപിക്കണം എന്നാണ് ചട്ടം. പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കലൂരിൽ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയർ ഫോഴ്‌സിൻ്റെ റിപ്പോർട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടുവെന്നും ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകരോ ഡോക്ടർമാരെ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പുൽത്തകടിയിൽ നടത്താൻ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പൊലീസും ഫയ‍ർഫോഴ്‌സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ തോമസ് എംഎൽഎ അപകട നില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോഴും വെൻ്റിലേറ്ററിൽ കഴിയുകയാണ്. തലച്ചോറിലും ശ്വാസകോശത്തിലുമേറ്റ പരുക്ക് ഗുരുതരമാണ്. രണ്ടിടത്തും കട്ടപിടിച്ച് കിടക്കുന്ന രക്തം പുറത്തേക്ക് എടുക്കേണ്ടതുണ്ട്. തലച്ചോറിനേറ്റ ആഘാതം എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമല്ല. എന്നാൽ ശ്വാസകോശത്തിനേറ്റ പരുക്ക് മരുന്നുകളിലൂടെയും വ്യായാമത്തിലൂടെയും മറികടക്കാനാവുന്നതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios