കണ്ണൂരിലെ ബഹുനില കോടതി സമുച്ചയം നിര്‍മ്മാണ കരാര്‍ ഊരാളുങ്കലിന്; സുപ്രീം കോടതിയിൽ വൻ വിജയം
സർക്കാർ ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് 10% വരെ പ്രിഫറൻസ് നൽകാമെന്ന വാദം കോടതി ശരിവെച്ചു
ദില്ലി: കണ്ണൂർ കോടതി നിർമ്മാണം ഊരാളുങ്കൽ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയ നടപടി സുപ്രീം കോടതി ശരിവച്ചു. കണ്ണൂർ കോടതി സമുച്ചയത്തിന്‍റെ നിർമ്മാണക്കരാറിനായി 7.2 ശതമാനം അധിക തുക ക്വോട്ട് ചെയ്തതിന് അടിസ്ഥാനമാക്കിയാണ് കരാര്‍ നൽകിയത്. സർക്കാർ ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് 10% വരെ പ്രിഫറൻസ് നൽകാമെന്ന വാദം കോടതി ശരിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നിർമാൺ കൺസ്ട്രക്ഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് ഈ കേസിലായിരുന്നു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
കോടതി നിര്‍മ്മാണത്തിനായി നിര്‍മ്മാൺ കൺസ്ട്രക്ഷൻസ് ക്വോട്ട് ചെയ്ത തുകയേക്കാൾ 1.65 കോടി രൂപയാണ് ഊരാളുങ്കൽ സൊസൈറ്റി ക്വോട്ട് ചെയ്തത്. കരാര്‍ ലഭിച്ചത് നിര്‍മ്മാൺ കൺസ്ട്രക്ഷൻസിനായിരുന്നു. ഇതിനെതിരെ ഊരാളുങ്കൽ കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഊരാളുങ്കലിന് അനുകൂലമായി വിധിച്ചു. ഇതോടെ നിര്‍മ്മാൺ കൺസ്ട്രക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചു. ഇവിടെ ഏറെ നാൾ നീണ്ട വാദത്തിനൊടുവിലാണ് ഹര്‍ജി തള്ളിയത്.