'കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്
അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ആരോപിച്ചു. അതേസമയം, യുഡിഎഫിന്‍റേത് വ്യാജ പ്രചരണമാണെന്നും ഫ്ലക്സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും കെ രാധാകൃഷ്ണൻ വിശദീകരിച്ചു.
പാലക്കാട്: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ചേലക്കര മണ്ഡലത്തില്‍ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ ആയുധങ്ങള്‍ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎം വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണിതെന്നും രമ്യാ ഹരിദാസ് ആരോപിച്ചു. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കെ രാധാകൃഷ്ണൻ രംഗത്തെത്തി. യുഡിഎഫിന്‍റേത് വ്യാജ പ്രചരണമാണ്. ഫ്ലക്സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അത് തൻറെ അകമ്പടി വാഹനമോ പ്രചാരണ വാഹനമോ ഒന്നുമായിരുന്നില്ല. ആലത്തൂരിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് യുഡിഎഫെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
'അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ച'; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി