'അവസ്ഥ മോശം, സംസ്ഥാന ക്യാബിനറ്റ് ടൂറിൽ, സഹായിക്കണം'; പരാതിക്കെട്ടുമായി കേന്ദ്രമന്ത്രിയെ കണ്ട് യുഡിഎഫ് എംപിമാർ
അതേസമയം, സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു
ദില്ലി: കേരളത്തിന്‍റേത് ദയനീയമായ സാമ്പത്തിക സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച് യുഡിഎഫ് എംപിമാര്‍. ഈ വിഷയം ചര്‍ച്ച ചെയ്യാനും ആശ്വാസത്തിനായി സഹായം അഭ്യർത്ഥിക്കാനും വേണ്ടി പന്ത്രണ്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ സന്ദർശിച്ചു.
സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങിയതും പെൻഷൻകാർക്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും അവരുടെ വരുമാനം നിലച്ചതും മാസങ്ങളായി കെ എസ് ആർ ടി സി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതും അത് പോലെ അടിസ്ഥാനപരമായ പല കാര്യങ്ങൾക്കും പണമില്ലാത്തതും എംപിമാർ എന്ന നിലയ്ക്ക് അറിയാവുന്നതാണെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ഇക്കാര്യങ്ങൾ ധനമന്ത്രിയെ ധരിപ്പിച്ചു.
കേരളത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. പക്ഷെ, സംസ്ഥാന ക്യാബിനറ്റ് ടൂറിലാണെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.
വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തി. എന്നാൽ സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നിയമ പോരാട്ടം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണ്. ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യർത്ഥിക്കുന്നത്.
'ഒരു ശാരീരിക പ്രശ്നമല്ല'; ആർത്തവ ദിനങ്ങളിൽ പ്രത്യേക അവധി നൽകുന്നതിനെ എതിർത്ത് സ്മൃതി ഇറാനി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം