യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: വയനാട്ടിൽ നവംബർ 19 ന് ഹർത്താൽ പ്രഖ്യാപിച്ച് നേതാക്കൾ; കേന്ദ്ര അവഗണനയിൽ പ്രതിഷേധം

വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണനയിൽ കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ടി സിദ്ധിഖ് എംഎൽഎ

UDF announces Harthal at Wayanad on November 19th over center stand in Landslide disaster

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടിൽ ഈ മാസം 19 ന് ഹ‍ർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് ഹർത്താൽ. വിഷയത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ ടി സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമർശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി  പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂർത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു.

വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സംഭവത്തിൽ ഇതുവരെ യുഡിഎഫ് സമരം ചെയ്തിരുന്നില്ല. എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉൾപെടുത്തുകയോ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് യുഡിഎഫ് നിലപാട്. വയനാട്ടിൽ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. 

എന്നാൽ എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്ന പോലെ  2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ  ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്ര സ‍ർക്കാരിൻ്റെ വാദം. കൈമാറിയ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്‍ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്‍റെ പ്രതിനിധി കെ വി തോമസിന് നല്‍കിയ കത്തില്‍ പറയുന്നത്. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. 

കേന്ദ്രസ‍ർക്കാരിൻ്റേത് വിചിത്ര വാദമെന്നാണ് കെ സി വേണുഗോപാൽ വിമർശിച്ചത്. എസ്‌ഡിആ‍ർഎഫ് ഫണ്ടുപയോഗിച്ച് ഒരു വീട് വെക്കാൻ നൽകാവുന്ന പരമാവധി തുക ഒന്നര ലക്ഷമാണ്. അത്തരത്തിൽ പല നിബന്ധനകളും എസ്‌ഡിആർഎഫ് ചട്ടത്തിലുണ്ട്. ആ ഫണ്ട് ഉപയോഗിച്ച് വയനാട്ടിൽ പുനരധിവാസം സാധ്യമല്ല. കേന്ദ്രത്തിൻ്റെ ഈ വാദം സംസ്ഥാനത്തിനെ അപഹസിക്കുന്നതാണെന്നും എഐസിസി ജനറൽ സെക്രട്ടറി വിമർശിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios