കഞ്ചാവുമായി മകനെ പിടിച്ചെന്ന വാർത്ത വ്യാജമെന്ന് പ്രതിഭ, സുഹൃത്തുക്കൾക്കൊപ്പം ചോദ്യം ചെയ്തത് മാത്രമെന്നും എംഎൽഎ
വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്
ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.
വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറയുന്നു. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു.
എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തിലെ സച്ചിൻ എന്ന യുവാവിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സച്ചിനെതിരെ കഞ്ചാവ് കൈവശം വച്ചതിനും കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ 27ാം വകുപ്പ് പ്രകാരം കഞ്ചാവ് ഉപയോഗിച്ചതിനുമാണ് എക്സൈസ് കേസെടുത്തത്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) ഇവരിൽ നിന്ന് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
https://www.youtube.com/watch?v=Ko18SgceYX8