ആരും കാണാതെ മൊബൈൽ ഫോൺ അടിച്ചുമാറ്റി, ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വിറ്റ് കാശാക്കി; രണ്ട് പേർ പിടിയിൽ
റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്.
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടിൽ അഷറഫ് (50) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 4-ാം തീയതി വൈകുന്നേരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നാണ് 12,000ത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്.
ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് 1500 രൂപയ്ക്ക് മൊബൈൽ വിൽപ്പന നടത്തി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ ഫോണും കണ്ടെടുത്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. ഇൻസ്‌പെക്ടർ എം.എം മഞ്ജുദാസ്, എസ്ഐ എസ്.എസ് ശ്രീലാൽ, സിപിഓമാരായ കെ.എ നൗഫൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ്, പി.എ നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
READ MORE: ബെയ്റൂട്ടിലെ ഇസ്രായേൽ വ്യോമാക്രമണം; ഇറാൻ ക്വാഡ്സ് ഫോഴ്സ് കമാൻഡറെ കാണാനില്ല