സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇ‌ർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി

ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇ‌ർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഇരുവരുടെയും മൊഴി

Two more arrested in Panthirikkara youth abduction case

കോഴിക്കോട്: പന്തിരിക്കരയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വയനാട് സ്വദേശികളായ ഷെഹീൽ, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല.  തട്ടിക്കൊണ്ടുപോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇ‌ർഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നൽകിയിരുന്നു. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ, കഴിഞ്ഞ ദിവസം ഇ‌ർഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

'ഞാൻ ഒളിവിൽ, സ്വർണ്ണം തട്ടിയെടുത്തത് ഷെമീർ'; ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്; പഴയതെന്ന് പൊലീസ്

ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്. ഷെമീറിനോട് സ്വർണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല. വയനാട്ടിലെ റൂമിലാണ് താൻ ഇപ്പോഴുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് വിശദീകരണം. 

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹിനെതിരെയാണ് പീഡനക്കുറ്റം ചുമത്തി പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

വിദേശത്തുള്ള ഇവരുടെ ഭർത്താവാണ് സ്വർണക്കടത്ത് സംഘത്തിനെ, ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍  സംഘം നല്‍കിയ സ്വര്‍ണം ഇർഷാദ് കൈമാറാഞ്ഞതിനെ തുടര്‍ന്ന് സംഘം യുവതിയുടെ ഭര്‍ത്താവിനെ തടങ്കലിലാക്കി. പിന്നീട് യുവതിയെ ഉപയോഗിച്ച് സ്വര്‍ണം വീണ്ടെടുക്കാനായി ശ്രമം. ഇതിനിടെ സ്വാലിഹ് പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പീഡനക്കുറ്റം ചുമത്തി സ്വാലിഹിനെതിരെ കേസെടുത്തു. സ്വാലിഹ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios