Kerala Rain:കനത്ത മഴയിൽ മരണം 2, നാളെ മുതൽ മഴ ശക്തിപ്രാപിക്കും,ജില്ലകളിൽ കൺട്രോൾ റൂമുകൾ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതൽ മഴ കൂടുതൽ ശക്തമാകും

two death in heavy rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ (heavy rain)രണ്ട് മരണം. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം(death) സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽ തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്

അതിനിടെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതൽ മഴ കൂടുതൽ ശക്തമാകും. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതീവ ജാഗ്രതാനിർദേശം (high alert)നൽകിയിട്ടുണ്ട്.മലയോര മേഖലകളിലിപ്പോഴും മഴ തുടരുകയാണ്.മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം സെന്‍ററുകളും അടച്ചു.കനത്ത മഴയെ തുടർന്ന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

 

കോട്ടയത്തെ കനത്ത മഴ കോട്ടയം മൂന്നിലവ് ടൗണിൽ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത മഴയിൽ പത്തനംതിട്ടയിൽ കാർ ഒഴുക്കിൽപ്പെട്ടു. കാർ ഡ്രൈവറെ രക്ഷപ്പെടുത്തി. കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു

തിരുവനന്തപുരം വിതുരയിൽ കനത്ത മഴയായിരുന്നു. മക്കിയാർ കരകവിഞ്ഞൊഴുകുകയാണ്.പൊൻമുടി,കല്ലാർ,മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കർ പാലത്തിൽ വെള്ളം കയറി. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അമ്പതേക്കർ ട്രൈബൽ ഹോസ്റ്റലിലെ കുട്ടികളെയും ജീവനക്കാരെയും മാറ്റിയിട്ടുണ്ട്.കുന്നിമാൻതോടിന്‍റെ കരയിലെ 8 കുടുംബങ്ങളെയും മാറ്റി

ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലെന്ന് സംശയം. മൂലമറ്റം വലകെട്ടിയിൽ ആണ് ഉരുൾപൊട്ടിയതായി സംശയം ഉളളത്. മലവെള്ളപ്പാച്ചിലിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്

തീവ്രമഴ, ചെറു മിന്നൽ പ്രളയ സാധ്യത, ഇന്ന് 7 ജില്ലയിൽ ഓറഞ്ച്അലർട്ട്; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ കനക്കുന്നത്. ഇന്ന് കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ എത്താമെന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമർധമായി മാറിയേക്കും. കർണാടക തമിഴ്നാട് തീരത്തായി ഒരു ന്യൂനമർദ്ദപാത്തിയും ഉണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ട്രോളിംഗ് അർധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥ വകുപ്പിന്‍റെ മഴസാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കൊല്ലം, കോട്ടയം, പത്തനംതിട്ട, മലയോര മേഖലയിലടക്കം കനത്ത മഴ തുടരുന്നു, രണ്ട് മരണം; ഉൾവനങ്ങളിൽ ഉരുൾപൊട്ടി? ജാഗ്രത

യെല്ലോ അലർട്ട്

01-08-2022: തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ
02-08-2022: പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
03-08-2022: കണ്ണൂർ, കാസർകോട്
04-08-2022: തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.*
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

മഴ മുന്നറിയിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24X7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.
പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.
കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം.
മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്. 
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.
ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻ‌കൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.  
താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം.
അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണം. വരും ദിവസങ്ങളിൽ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios