സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധിക്കും

കാണാതായ ഇര്‍ഷാദിന്‍റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിള്‍ ശേഖരിച്ചു. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തിലാണ് പരിശോധന. 

turning point in the case of the kidnapping of a youth by a gold smuggling gang parents dna will be tested

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണത്തില്‍ വഴിത്തിരിവ്. കാണാതായ ഇര്‍ഷാദിന്‍റെ മാതാപിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിള്‍ ശേഖരിച്ചു. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തിലാണ് പരിശോധന. പേരാമ്പ്ര കോടതിയുടെ അനുമതിയോടെയാണ് നടപടി. 

തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേര്‍ കൂടി ഇന്ന്  അറസ്റ്റിലായെങ്കിലും ഇ‌ർഷാദ് എവിടെ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു. കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിട്ട്  ഒരു മാസം കഴിഞ്ഞു.

ആദ്യം അറസ്റ്റിലായ പിണറായി സ്വദേശി മുര്‍ഷിദിന്‍റെ മൊഴി പ്രകാരമാണ് ഇന്ന് വയനാട്ടില്‍ നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇന്ന് അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീലും കല്‍പ്പറ്റ സ്വദേശി ജിനാഫും ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പേരും നല്‍കിയ നിര്‍ണായക വിവരത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. 

Read Also: സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇ‌ർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമാണ് ഇവരുടെ മൊഴി. 
കഴിഞ്ഞ മാസം 15ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടിയെന്നും കാർ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്‍റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിന്‍റെ മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്കാരവും നടത്തി. എന്നാൽ ഇക്കാര്യത്തിൽ ബന്ധുക്കളില്‍ ചിലര്‍  സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം വരുന്ന ദിവസങ്ങളില്‍ കിട്ടും. സംസ്കരിച്ചത് മേപ്പയൂര്‍ സ്വദേശിയായ യുവാവിന്‍റെ മൃതദേഹമല്ലെന്നാണ് ഡിഎന്‍എ ഫലമെങ്കില്‍ ഇര്‍ഷാദിന്‍റെ മാതാപിതാക്കളില്‍ നിന്ന് സാംപിള്‍ സ്വീകരിച്ച് ഈ ഫലവുമായി ഒത്തു നോക്കാനാണ് നീക്കമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‍സാപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.

Read Also: 'ഞാൻ ഒളിവിൽ, സ്വർണ്ണം തട്ടിയെടുത്തത് ഷെമീർ'; ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്; പഴയതെന്ന് പൊലീസ് 

Latest Videos
Follow Us:
Download App:
  • android
  • ios