ആദിവാസി കുട്ടികൾക്ക് അക്ഷരവെളിച്ചം എത്തിച്ച ടീച്ചർക്ക് പോസ്റ്റിംഗ് തൂപ്പുകാരിയായി! ഉഷാ കുമാരി പറയുന്നു

അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാ കുമാരി ടീച്ചറെ ആരും മറക്കാനിടയില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറന്നപ്പോള്‍ ഉഷാ കുമാരി ടീച്ചറുടെ വേഷം പഴയ അധ്യാപിക ആയിട്ടല്ല സ്കൂളിലെ തൂപ്പുകാരിയായിട്ടാണ്.

trivandrum single school teacher usha kumari now a sweeper in school

തിരുവനന്തപുരം: കാടും മലയും കയറി ആദിവാസി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം എത്തിക്കുന്ന ഒരു അധ്യാപികയെ ഓര്‍മ്മയില്ലേ? അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാ കുമാരി ടീച്ചറെ ആരും മറക്കാനിടയില്ല. ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറന്നപ്പോള്‍ ഉഷാ കുമാരി ടീച്ചറുടെ വേഷം പഴയ അധ്യാപിക ആയിട്ടല്ല സ്കൂളിലെ തൂപ്പുകാരിയായിട്ടാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാർട്ട് ടൈം/ ഫുൾ ടൈം സ്വീപ്പർമാര്‍ തസ്തികയിലേക്കാണ് ഉഷാ കുമാരി ജോലിയില്‍ പ്രവേശിച്ചത്. ഇത് ഒരു ഉഷാ കുമാരി ടീച്ചറിന്‍റെ മാത്രം കഥയല്ല, ഏകാധ്യാപക വിദ്യാലയങ്ങളിലെ പല അധ്യാപകരുടെ ജീവിതമാണ്.

വനാന്തരങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1996-ലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണിത്. കുട്ടികള്‍ കുറഞ്ഞതും ഉള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി സംസ്ഥാനത്ത് ശേഷിക്കുന്ന 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ച് പൂട്ടിയതിന്‍റെ ഭാഗമായി, അവിടെ അധ്യാപകരായി ജോലി ചെയ്തിരുന്ന 344 പേരെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ അനുസരിച്ച് സ്വീപ്പർ തസ്തികകളിൽ (പിടിസിഎം, എഫ്ടിഎം) നിയമിക്കാനായിരുന്നു സർക്കാർ ഉത്തരവ്. ഉഷാ കുമാരിയെ പോലെ മറ്റ് പല ഇടങ്ങളിലെയും അധ്യാപകര്‍ സ്വീപ്പർമാര്‍ തസ്തികയില്‍ പ്രവേശിച്ചിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ അടുത്തുള്ള മറ്റു സ്കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്.

10–ാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവരെയാണ് ഏകാധ്യാപക വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിച്ചത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുളളവരും പിന്നീട് പല കാലത്തായി നിയമിതരായി. പിന്നാക്ക മേഖലകളിലെല്ലാം മോഡൽ റസിഡൻഷ്യൽ സ്കൂളുകളടക്കം ആരംഭിച്ച സാഹചര്യത്തിലാണ് ശേഷിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളും പൂട്ടുന്നതെന്നാണ് സർക്കാർ വാദം. എന്നാല്‍, പാഠ പുസ്തകം കൈയിലേന്തിയിരുന്ന കൈകളില്‍ ചൂലെടുക്കേണ്ടി വരുന്ന ഒരു കൂട്ടം അധ്യാപകരുടെ വേദനയ്ക്ക് ആര് മറുപടി പറയും എന്നാണ് ഉയരുന്ന ചോദ്യം. പ്രായമേറിയവരെ സ്ഥിരപ്പെടുത്തുമോ, ആർക്കെല്ലാമാണ് പെൻഷന് അർഹത എന്നീ കാര്യങ്ങളിലും വ്യക്തതയില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ഇവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം കണക്കിലെടുത്ത്  അധ്യാപകരുടെ സമ്മതപത്രം കൂടി വാങ്ങിയാണ് നിയമന ഉത്തരവ് എന്നാണ് സര്‍ക്കാറിന്‍റെ വിശദീകരണം. 

കാട് കയറിയെത്തുന്ന ടീച്ചര്‍

അമ്പൂരിയിലെ കടയറയിലെ ഉഷ കുമാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ മീറ്ററാണ് കുമ്പി‍ച്ചൽ കടവിലേക്ക്. അവിടെയെത്തിയാൽ നെയ്യാ‍റിന്റെ കൈവഴിയായ കരിപ്പ‍യാറിന്റെ ഓരത്ത് ഉഷ  ടീച്ച‍റെയും കാത്ത് കടത്ത് വഞ്ചി‍യുണ്ടാകും. 15 മിനി‍ട്ട് കൊണ്ട് കടത്ത് കടന്ന് കാരിക്കുഴി കടവി‍ലെത്തും. പിന്നെ, പാറപ്പുറത്തുള്ള കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലേക്ക് തലയില്‍ ചുമടും കൈയില്‍ വടിയുമായി കാട്ടുപാതയിലൂടെ 2 മണിക്കൂർ കാൽനട യാത്ര. അവിടെ ടീച്ചറെയും കാത്തിരിക്കുന്ന കുട്ടികളു‍മൊത്ത് അക്ഷരലോകത്ത്. 24 വർഷമായി ഇതായിരുന്നു ഉഷാ കുമാരി ടീച്ചറുടെ ജീവിതം. ‘ലോഡിങ് തൊഴിലാളിയായ ഭർത്താവ് കെ.മോഹനനും, മക്കളായ മോനി‍ഷും, രേഷ്മയും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം.

ഉഷ ടീച്ചറുടെ പുതിയ വേഷം

പിഎസ്എൻഎം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഉഷാ കുമാരി സ്വീപ്പർമാര്‍ തസ്തികയിലേക്ക് ജോലിയില്‍ പ്രവേശിച്ചത്. ''പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സങ്കടമാണ് പക്ഷേ എന്ത് ചെയ്യാം സര്‍ക്കാര്‍ ഈ ജോലിയാണ് തരുന്നത് എങ്കില്‍ അത് ചെയ്യുക. സ്കൂളുകള്‍ അടച്ചപ്പോള്‍ വഴിയാധാരം ആക്കിയില്ലല്ലോ എന്നത് ഒരു ആശ്വാസമാണ് എന്നാലും പെൻഷന് അർഹത കിട്ടുമോ എന്ന ആശങ്കയുണ്ട്'' ഉഷാ കുമാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തെ പ്രതിമാസം 19,000 രൂപ ശമ്പളമായിരുന്ന സ്വീപ്പർ ഗ്രേഡിന് ശമ്പളം 23,000 മുതൽ 50,200 രൂപ വരെയാണ് ശമ്പളം എന്നതാണ് ഉഷാകുമാരിയുടെ ഏക ആശ്വാസം. ''സംസ്ഥാന സർക്കാരിനോട് ഒരേയൊരു അഭ്യർത്ഥനയെ ഉള്ളൂ, ഞങ്ങൾക്ക് പെൻഷന്‍ ലഭിക്കാനുള്ള സര്‍വ്വീസ് നല്‍കണം എന്ന് മാത്രമാണ് അപേക്ഷ.  ”ഉഷാകുമാരി കൂട്ടിച്ചേർത്തു. 

Also Read: മലപ്പുറത്ത് പിന്നാക്ക - ആദിവാസി മേഖലയിലെ നാല് ബദൽ സ്കൂളുകളിൽ കുട്ടികൾ പട്ടിണിയിൽ!

Also Read: 28 ലക്ഷം രൂപ കോഴ നൽകിയിട്ടും നിയമനമില്ല; സ്കൂളിന് മുന്നിൽ സമരത്തിനൊരുങ്ങി അധ്യാപിക

Latest Videos
Follow Us:
Download App:
  • android
  • ios