'കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം'; ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. ഡ്രൈവറുടെ മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തതെന്ന് ആര്യ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ കേസെടുത്തിട്ടില്ല.
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. സൈഡ് തന്നില്ല എന്നതല്ല പ്രശ്നം. ഡ്രൈവറുടെ മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയർ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ഡൈവർ രാത്രി വിളിച്ച് ക്ഷമ ചോദിച്ചെന്നും ആര്യ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ നിയമ നടപടി തുടരുമെന്ന് മേയർ കൂട്ടിച്ചേര്‍ത്തു. അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവർ യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേയറും എംഎല്‍എയുമാണെന്ന് അറിയില്ലായിരുന്നുവെന്നും യദു കൂട്ടിച്ചേര്‍ത്തു.