വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്

Tribal youth dragged by car Investigation whether the accused used drugs

കൽപ്പറ്റ: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവത്തിൽ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണം. ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഡിസംബർ 26 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾ ജാമ്യ അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. പ്രതികളായ ഹർഷിദ്, അഭിറാം എന്നിവരെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. 

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബംഗളൂരു ബസിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ  വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിൻറെ പിൻഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടയ്ക്കിടെ പനിയും വിറയലും, ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ; ശ്രീതേജ് ഇപ്പോഴും കോമയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios