ലീലയുടെ കൊലപാതകം: സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ, കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
രണ്ടാഴ്ചയിലേറെ കാണാതായ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലീലയുടെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയത്.
കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. രണ്ടാഴ്ചയിലേറെ കാണാതായ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലീലയുടെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ലീലയും ഭർത്താവ് രാജഗോപാലും, രാജനും ചേർന്ന് മദ്യപിച്ചിരുന്നുവെന്നാണ് വിവരം.
Read More : 'ഓപ്പറേഷൻ കാവേരി'; സുഡാനില്‍നിന്ന് പുറപ്പെട്ട ആദ്യ സംഘം ദില്ലിയിലേക്ക്